പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആശാരിക്കാട് ഗവ. യു.പി സ്‌കൂളില്‍ ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ മേഖലയുടെ ഏത് ആവശ്യങ്ങള്‍ നിറവേറ്റാനും സര്‍ക്കാര്‍ എപ്പോഴും സജ്ജമായിരിക്കുമെന്ന് ഉദ്ഘാടന പ്രഭാഷണത്തില്‍ മന്ത്രി പറഞ്ഞു. പ്രതിസന്ധികള്‍ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചാലും മികച്ച വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും. ആശാരിക്കാട് ഗവ. യു.പി സ്‌കൂള്‍ ഹൈസ്‌കൂള്‍ ആക്കി മാറ്റാന്‍ വേണ്ട ശ്രമങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാകിരണം മിഷന്റെ ഭാഗമായുള്ള പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രകാരമാണ് ആശാരിക്കാട് സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. രണ്ടു നിലകളിലായി 6 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും മൂന്നാം നിലയില്‍ ഓപ്പണ്‍ സ്‌പേസും അടക്കമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സ്‌കൂളിന്റെ 51-ാമത് വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃ ദിനാഘോഷവും നടന്നു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ രജിത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ജിയ ഗിഫ്റ്റന്‍, ഇ.എന്‍ സീതാലക്ഷ്മി, പി.കെ അഭിലാഷ്, കെ.വി അനിത, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഐശ്വര്യ ലിന്റോ, ഗ്രാമപഞ്ചായത്ത് അംഗം മിനി വിനോദ്, വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ എന്‍.കെ രമേശ്, എഇഒ പി.എം ബാലകൃഷ്ണന്‍, ഹെഡ്മിസ്ട്രസ് നിഷ വര്‍ഗീസ്, പിടിഎ പ്രസിഡന്റ് വി.ജെ ഫ്രാന്‍സിസ്, ചേരുംകുഴി വികാരി ഫാദര്‍ ജോസഫ് വൈക്കാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.