ഭൂമി തരം മാറ്റം അദാലത്തിലൂടെ തങ്ങളുടെ അപേക്ഷയ്ക്ക് വേഗത്തില്‍ പരിഹാരം ലഭിച്ച സന്തോഷത്തിലാണ് കീരിത്തോട്, അവിരാകുന്നേല്‍ വീട്ടില്‍ കെ.പി ഷിജിയും ഭര്‍ത്താവും. കോതമംഗലം താലൂക്ക് പരിധിയിലെ കടവൂര്‍ വില്ലേജിന് കീഴില്‍ വരുന്ന തങ്ങളുടെ ഭൂമി പുരയിടമാക്കാനാണ് ഇവര്‍ അപേക്ഷ നല്‍കിയത്.

രണ്ട് വര്‍ഷം മുന്‍പാണ് ഇവര്‍ പത്ത് സെന്റ് വരുന്ന ഈ ഭൂമി വാങ്ങുന്നത്. തുടര്‍ന്ന് അഞ്ച് മാസം മുന്‍പാണ് ഭൂമി പുരയിടമാക്കാനായി ശ്രമം തുടങ്ങിയത്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) നിയമം 2018 പ്രകാരം വസ്തുവിന്റെ സ്വഭാവ വ്യതിയാനത്തിനായി സമര്‍പ്പിച്ച അപേക്ഷയില്‍ അധിക കാലതാമസമില്ലാതെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനുകൂല ഉത്തരവ് ലഭിച്ചു.

അപേക്ഷ സമര്‍പ്പിച്ച് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹാരമുണ്ടായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷിജി പറഞ്ഞു. ഉത്തരവ് കൈപ്പറ്റാന്‍ ഭര്‍ത്താവ് സോബിനൊപ്പമാണ് മൂവാറ്റുപുഴയിലെ അദാലത്ത് വേദിയില്‍ ഇവര്‍ എത്തിയത്.