എറണാകുളം ജില്ലാ ആരോഗ്യവകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും എറണാകുളം പ്രസ്സ് ക്ലബ്ബും സംയുക്തമായി കുഷ്ഠരോഗനിര്‍മാര്‍ജനത്തിലും മറ്റ് പകര്‍ച്ചവ്യാധിപ്രതിരോധത്തിലും മാധ്യമങ്ങള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ മാധ്യമശില്‍പ്പശാല സംഘടിപ്പിച്ചു.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. നിയന്ത്രണ വിധേയമെന്നു കരുതിയ പല രോഗങ്ങളും കേരളത്തില്‍ കാണപ്പെടുന്നത് ആരോഗ്യ മേഖലയില്‍ കൂടുതല്‍ ജാഗ്രത ആവശ്യപ്പെടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കുത്തിവയ്പ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കോവിഡിനു ശേഷം ജനങ്ങളില്‍ ആശങ്ക പരത്തും വിധമുള്ള പ്രചരണം നടക്കുന്നതിനെയും ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഏകദിന മാധ്യമ ശില്‍പ്പശാലയില്‍ ഡി.എം.ഒ. ഡോ. കെ. സക്കീന, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സവിത എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കുഷ്ഠരോഗനിര്‍മ്മാര്‍ജനത്തില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മിഥ്യാധാരണകള്‍, സാമൂഹിക അവജ്ഞ, ബോധവല്ക്കരണം എന്നിവയെക്കുറിച്ച് ക്ലാസെടുത്തു.

ഡോ. കെ. സക്കീന അധ്യക്ഷത വഹിച്ച യോഗത്തില്‍ എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് എം. ആര്‍. ഹരികുമാര്‍, പ്രസ് ക്ലബ് സെക്രട്ടറി സൂഫി മുഹമ്മദ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി. രോഹിണി, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.