പുത്തൂര്‍ കായല്‍ ടൂറിസം പദ്ധതിക്കടക്കം മുതല്‍ക്കൂട്ടാവുന്ന പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പൗണ്ട് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. ഒരു കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. പൗണ്ട് റോഡ് മുതല്‍ കരിമ്പിന്‍ചിറ വരെ രണ്ട് കിലോമീറ്ററോളം ദൈര്‍ഘ്യത്തിലാണ് പുനരുദ്ധാരണം നടത്തുന്നത്. പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ കായല്‍ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടൊപ്പം ഈ പ്രദേശത്തെ വികസനത്തിന് മുതല്‍ക്കൂട്ടാവുന്നതാണ് പൗണ്ട് റോഡ് വികസനം.

ചടങ്ങില്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ഒല്ലൂക്കര ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം പി.എസ് ബാബു, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ പി.എസ് സജിത്ത്, ലിബി വര്‍ഗീസ്, പഞ്ചായത്ത് സെക്രട്ടറി ടി. അരുണ്‍ ജോണ്‍, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.പി ഗയ, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.