വിഷ രഹിത പച്ചക്കറി ജനങ്ങള്‍ക്ക് നേരിട്ട് എത്തിക്കുന്നതിനായി ചേലക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച വെജിറ്റബിള്‍ കിയോസ്‌ക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസനം, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ പദ്മജ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ ചേലക്കര ഗ്രാമപഞ്ചായത്തും സിഡിഎസും ചേര്‍ന്നാണ് വെജിറ്റബിള്‍ കിയോസ്‌ക്ക് ആരംഭിച്ചത്. അയല്‍കൂട്ടങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും കുടുംബശ്രീ സംരംഭങ്ങളുടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ഇതിലൂടെ വിപണി ഉറപ്പാക്കും.

ചടങ്ങില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ശോഭന തങ്കപ്പന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം. ജയലക്ഷ്മി നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെലില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എല്ലിശ്ശേരി വിശ്വനാഥന്‍, ഡിഎംസി ഡോ. എ. കവിത തുടങ്ങിയവര്‍ പങ്കെടുത്തു.