പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുടിക്കോട് വാര്‍ഡിലെ പ്രദേശവാസികളുടെ ചിരകാല സ്വപ്നമായ ചാത്തംകുളം നവീകരണത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. കേരള ലാന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖാന്തിരം നടപ്പിലാക്കുന്ന നവീകരണ പ്രവര്‍ത്തികള്‍ക്കായി 2023-24 ബഡ്ജറ്റില്‍ അനുവദിച്ച 3.13 കോടി രൂപയാണ് ചിലവഴിക്കുന്നത്. കുളത്തിന്റെ ആഴംകൂട്ടല്‍, സംരക്ഷണഭിത്തി നിര്‍മ്മാണം, നടപ്പാത നിര്‍മ്മാണം എന്നിവയോടൊപ്പം ഓപ്പണ്‍ ജിംനേഷ്യവും വിഭാവനം ചെയ്യുന്നതായി ഉദ്ഘാടന പ്രഭാഷണത്തില്‍ മന്ത്രി പറഞ്ഞു.

2024 ല്‍ തന്നെ നവീകരണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമാക്കുന്നത്. പ്രാരംഭത്തില്‍ രണ്ടു കോടി രൂപ അനുവദിച്ചിരുന്ന പദ്ധതിയായിരുന്നു ചാത്തംകുളം നവീകരണം. ഏറെ കടമ്പകള്‍ കടന്ന് ഈ സാമ്പത്തിക വര്‍ഷം തന്നെ 3.13 കോടി രൂപ അനുവദിച്ചതിനു പിന്നില്‍ ശ്രമകരമായ ഇടപെടലുകള്‍ ഉണ്ടായി. തുടര്‍ന്നുണ്ടായ നടപടിക്രമങ്ങള്‍ ദ്രുതഗതിയിലാക്കുന്നതില്‍ കെഎല്‍ഡിസി വഹിച്ച പങ്ക് വലുതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചാത്തംകുളത്തിനു സമീപം നടന്ന ചടങ്ങില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, ജില്ലാ പഞ്ചായത്തംഗം പി.എസ്. വിനയന്‍, ബ്ലോക്ക് മെമ്പര്‍ സുമിനി കൈലാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങമായ ഇ.ടി ജലജന്‍, വാര്‍ഡ് മെമ്പര്‍ ആരിഫ റാഫി, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കെഎല്‍ഡിസി എം.ഡി പി.എസ് രാജീവ്, കെഎല്‍ഡിസി ചീഫ് എഞ്ചിനീയര്‍ പി.കെ ശാലിനി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.