മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായി സംഘാടകസമിതി രൂപീകരിച്ചു
ഫെബ്രുവരി 22ന് നടക്കുന്ന കോട്ടയം ജില്ലയിലെ പട്ടയമേളയുടെ വിജയത്തിനായി സഹകരണ-തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ സംഘാടകസമിതി രൂപീകരണയോഗം ചേർന്നു. 22ന് ഉച്ചയ്ക്കു മൂന്നുമണിക്ക് പട്ടയവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിർവഹിക്കും. തുടർന്ന് അന്നേദിവസം കെ.പി.എസ്. മേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലയിലെ പട്ടയവിതരണം സഹകരണ-തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യാതിഥി ആയിരിക്കും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പട്ടയമേളയുടെ വിജയത്തിനായി സഹകരണ-തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ ചെയർമാനും ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി കൺവീനറുമായ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവാണ് സ്വാഗതസംഘം കൺവീനർ.
ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യമിട്ടുകൊണ്ടു നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടരവർഷം കൊണ്ട് ഒന്നരലക്ഷം പട്ടയം എന്ന ചരിത്രനേട്ടത്തിന്റെ അരികിലാണ് റവന്യൂവകുപ്പ്. ഭൂരഹിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച പട്ടയമിഷനും പട്ടയമിഷന്റെ ഭാഗമായ പട്ടയ അസംബ്‌ളികളും ഓരോ മണ്ഡലത്തിലെ ഭൂരഹിതരെ കണ്ടെത്തി അവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചുവരികയാണ്. മൂന്നാം പട്ടയമേളയ്ക്കു ശേഷം സജ്ജമായ മുപ്പതിനായിരത്തോളം പട്ടയങ്ങളാണ് ഫെബ്രുവരി 22ന് സംസ്ഥാനതലത്തിൽ വിതരണം ചെയ്യുന്നത്.
കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്ത്, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ, വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത രാധാകൃഷ്ണൻ, എ.ഡി.എം. ബീന പി. ആനന്ദ്, പാലാ ആർ.ഡി.ഒ. കെ.വി. ദീപ, ഡെപ്യൂട്ടി കളക്ടർമാരായ കെ. ഉഷ ബിന്ദുമോൾ, സജികുമാർ, ഫിനാൻസ് ഓഫീസർ എസ്.ആർ. അനിൽകുമാർ, തഹസീൽദാർമാരായ എസ്.എൻ. അനിൽകുമാർ, ടി.ഐ. വിജയസേനൻ, കെ.ആർ. മനോജ്, പി.എസ്. സുനിൽകുമാർ, രഞ്ജിത്ത് ജോർജ്, കെ.എസ്. സതീശൻ എന്നിവർ പങ്കെടുത്തു.