കേരള കാര്‍ഷിക സര്‍വ്വകലാശാല ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ പുതിയതായി നിര്‍മ്മിച്ച ഫാം ഓഫീസ് കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നാടിന് സമര്‍പ്പിച്ചു. കര്‍ഷകനും കര്‍ഷക ശാസ്ത്രഞ്ജനും തമ്മിലുള്ള അതിരുകള്‍ ഭേദിച്ച് കര്‍ഷകന്റെ മനസിലേക്ക് കുടിയേറാന്‍ സാധിക്കണണമെന്ന്മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക് വരാന്‍ കഴിയാവുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് കാര്‍ഷിക സര്‍വ്വകലാശാല എന്ന യാഥാര്‍ത്ഥ്യം ജനമനസിലേക്ക് എത്തിക്കാവുന്ന വലിയ പരിശ്രമമാണ് ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്ന് ആരംഭിക്കേണ്ടത്. ഫാം ടൂറിസം ഒരു പ്രധാനപ്പെട്ട ഇനമായി നമ്മുടെ മുമ്പിലേക്ക് വന്നിരിക്കുകയാണെന്നും ജനങ്ങളുടെ ആവശ്യകത അനുസരിച്ച് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ നമുക്ക് സാധ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

യൂണിവേഴ്‌സിറ്റിയുടെ ഇന്റേണല്‍ റവന്യൂ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന വിധത്തിലും പൊതു സമൂഹത്തില്‍ കാര്‍ഷിക സര്‍വ്വകലാശാലയ്ക്കുള്ള ഡിമാന്റ് പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിയുന്ന വിധത്തിലും മുന്നോട്ട് പോകണം. സര്‍വ്വകലാശാല ആസ്ഥാനത്ത് മഞ്ചേശ്വരം മുതല്‍ വെള്ളായണി വരെയുള്ള കോളേജുകളിലെ ഗവേഷണ നിരീക്ഷണ ഫലങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും നാം ഉല്‍പ്പാദിപ്പിക്കുന്നതത്രയും നേരിട്ട് കര്‍ഷകര്‍ക്ക് കാണിച്ചു കൊടുക്കാനും സര്‍വ്വകലാശാലയില്‍ പ്രദര്‍ശന നഗരി ഒരുക്കണമെന്നാണ് ആഗ്രഹം. യൂണിവേഴ്‌സിറ്റിയുടെ പരീക്ഷണ നിരീക്ഷണ ഫലങ്ങളെല്ലാം 365 ദിവസവും പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന തരത്തിലാക്കണം. അഗ്രി ടൂറിസത്തില്‍ പ്രധാനപ്പെട്ടതാകും ഇന്‍സ്ട്രക്ഷണല്‍ ഫാം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെള്ളാനിക്കര ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് പുതിയ ഫാം ഓഫീസ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 1973 ല്‍ സ്ഥാപിതമായ വെള്ളാനിക്കര ഇന്‍സ്ട്രക്ഷണല്‍ ഫാം 1988 മുതല്‍ കാര്‍ഷിക കോളേജിന്റെ ഭാഗമായാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇന്ന് ഏകദേശം 70.35 ഹെക്റ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഫാമിനെ 16 ബ്ലോക്കുകളായി തിരിച്ച് അതില്‍ വിവിധ തരം വിളകള്‍ നട്ട് പരിപാലിച്ചു വരുന്നുണ്ട്. തെങ്ങ്, കവുങ്ങ്, കുരുമുളക്, കശുമാവ്, പ്ലാവ്, മാവ്, സപ്പോട്ട, റംബൂട്ടാന്‍ തുടങ്ങിയവയും വിവിധ തരം പച്ചക്കറികളുമാണ് പ്രധാന വിളയിനങ്ങള്‍. കേരളത്തില്‍ തന്നെ വിരളമായി കാണപ്പെടുന്ന വ്യത്യസ്ത വര്‍ഗ്ഗത്തില്‍പ്പെട്ട ഫലവൃക്ഷങ്ങളും ഫാമിലെ വിദേശ പഴവര്‍ഗ്ഗങ്ങളുടെ പ്രോജനി ഓര്‍ച്ചാര്‍ഡില്‍ പരിപാലിച്ചു വരുന്നുണ്ട്.

ചടങ്ങില്‍ കെ.എ.യു വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് അധ്യക്ഷത വഹിച്ചു. കാര്‍ഷിക കോളേജ് ഡീന്‍ ഡോ. മണി ചെല്ലപ്പന്‍, ഫാം ഉപദേശക സമിതി അംഗവും കെ.എ.യു ജനറല്‍ കൗണ്‍സില്‍ അംഗവുമായ ഡോ. പി.കെ സുരേഷ്‌കുമാര്‍, കെ.എ.യു രജിസ്ട്രാര്‍ പി.ഒ നമീര്‍, കെ.എ.യു കംപ്‌ട്രോളര്‍ മദന്‍കുമാര്‍, കെ.എ.യു ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. ജേക്കബ് ജോണ്‍, കെ.എ.യു ഫിസിക്കല്‍ പ്ലാന്റ് ഡയറക്ടര്‍ ടി.എന്‍ സുരേഷ് ബാബു, അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് (ഫാംസ്) ഫാം ഉപദേശക സമിതി അംഗം ഡോ. എ. ലത, പ്രൊഫസര്‍ ആന്റ് ഹെഡ് ഡോ. എസ്. അനിത തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഇന്‍ഫര്‍മേറ്റീവ് അഗ്രി ടൂറിസം പദ്ധതി പ്രൊപ്പോസലിന്റെ വീഡിയോ പ്രദര്‍ശനവും നടന്നു.