പാര്‍പ്പിട-വിനോദസഞ്ചാര-ഉത്പാദന-സേവന മേഖലകള്‍ക്ക് പരിഗണന നല്‍കി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ബജറ്റ്. കാര്‍ഷിക, ആരോഗ്യ- വിദ്യാഭ്യാസം, മൃഗസംരക്ഷണം, മാലിന്യ സംസ്‌കരണം, വനിതാ ശാക്തീകരണം, കലാ-കായിക വികസനം, ആധുനിക ക്രിമിറ്റോറിയം,ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം എന്നിവയ്ക്ക് ബജറ്റ് ഊന്നല്‍ നല്‍കി. 48.3 കോടി രൂപ വരവും 47.7 കോടി ചെലവും 56 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് നൂര്‍ഷ ചേനോത്ത് അവതരിപ്പിച്ചു.

സേവന മേഖലയക്ക് 13.8 കോടിയും ഉത്പാദന മേഖലയ്ക്ക് 1.5 കോടിയും പശ്ചാത്തല മേഖലയ്ക്ക് അഞ്ച് കോടിയും വിവിധ പദ്ധതികളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി ഒരു കോടിയും റോഡ് വികസനത്തിന് 1.9 കോടി രൂപ വീതവും വകയിരുത്തിയിട്ടുണ്ട്. പാര്‍പ്പിട മേഖലയ്ക്ക് 1.5 കോടി, മൃഗ സംരക്ഷണം- ക്ഷീരവികസനം എന്നിവയ്ക്കായി 1.5കോടി, ശുചിത്വ-മാലിന്യ സംസ്‌കരണത്തിന് 90 ലക്ഷം ക്രിമിറ്റോറിയം നിര്‍മ്മാണത്തിന് രണ്ട് കോടി, പട്ടികവര്‍ഗ്ഗ ക്ഷേമത്തിന് 1.43 കോടിയും വനിതാ വികസനത്തിന് 45 ലക്ഷം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്ക് 70 ലക്ഷവും നീക്കിവെച്ചു.

കുടിവെള്ള വിതരണത്തിന് 20 ലക്ഷവും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ക്ഷേമത്തിന് 30 ലക്ഷവും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍- വയോജന ക്ഷേമം എന്നിവക്കായി 40 ലക്ഷവും കുട്ടികള്‍ക്കായി 25 ലക്ഷവും പട്ടികജാതി വികസനത്തിന് 27 ലക്ഷവും തൊഴിലുറപ്പ് പദ്ധതികള്‍ക്ക് 11 കോടി രൂപ വീതവും വകയിരുത്തി. കമ്പളക്കാട് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് 2.25 കോടി രൂപയും വിവിദ ടൂറിസം പദ്ധതികള്‍ക്ക് ഒരു കോടിയും വൈദ്യുതി മേഖലയ്ക്ക് 30 ലക്ഷവും മാറ്റിവെച്ചു.

അങ്കണവാടി മുഖേനയുള്ള പോഷകാഹാര വിതരണത്തിന് 95 ലക്ഷം, വനിതാ ക്ഷേമ പദ്ധതികള്‍ക്ക് 45 ലക്ഷം രൂപയും വകയിരുത്തി. ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം വിപുലീകരണ സ്ഥലമെടുക്കുന്നതിന് 25 ലക്ഷവും നബാര്‍ഡുമായി സഹകരിച്ച് നടപ്പാക്കുന്ന വിവിധ റോഡ് വികസന പദ്ധതിക്ക് 5.25 കോടി രൂപയുടെ ചെലവ് ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.വി രജിത അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍, വാര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു