സംസ്ഥാന പട്ടയമേള ഫെബ്രുവരി 22ന് വൈകീട്ട് 3 മണിക്ക് തൃശൂര്‍ തെക്കിന്‍കാട് മൈതാനി വിദ്യാര്‍ത്ഥി കോര്‍ണറില്‍ വെച്ച് മുഖ്യമന്ത്രി  പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ.രാജന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. അതേസമയം തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അതത് ജില്ലകളിലെ പട്ടയങ്ങള്‍ മന്ത്രിമാര്‍ വിതരണം ചെയ്യും. മൂന്നാം പട്ടയ മേളക്ക് ശേഷം തയ്യാറാക്കിയ 30,510 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഈ സര്‍ക്കാരിന്റെ ആദ്യ രണ്ട് വര്‍ഷത്തിനിടയില്‍ നടത്തിയ മൂന്ന് പട്ടയമേളകളിലൂടെ വിതരണം ചെയ്ത 1,21,604 പട്ടയങ്ങള്‍ക്കൊപ്പം ഇപ്പോള്‍ വിതരണം ചെയ്യുന്ന പട്ടയങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ 1,52,114 പേരാണ് ഭൂമിയുടെ അവകാശികളാവുക.

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി ഒരു പട്ടയമിഷന്‍ രൂപീകരിച്ച് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സംസ്ഥാനത്തിന് ഈ നേട്ടം കൈവരിക്കാനായത്. മലയോര, തീരദേശ, കോളനി പട്ടയങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടാണ് പട്ടയമിഷന്റെ പ്രവര്‍ത്തനം മുന്നോട്ടു പോവുന്നത്. അഞ്ച് തട്ടുകളായാണ് പട്ടയമിഷന്‍ പ്രവര്‍ത്തിക്കുന്നത്. വില്ലേജ് തലത്തില്‍ ഭൂരഹിതരുടെ വിവരങ്ങള്‍, ഭൂമിയുടെ ലഭ്യത, പട്ടയം വിതരണം ചെയ്യുന്നതിനുള്ള തടസ്സം തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന വില്ലേജ് ഓഫീസര്‍ കണ്‍വീനറായ വില്ലേജ് തല വിവര ശേഖരണ സമിതിയാണ് പട്ടയമിഷന്റെ അടിസ്ഥാന ഘടകം.

വില്ലേജ് തല വിവര ശേഖരണ സമിതി റിപ്പോര്‍ട്ട് ചെയ്യുന്ന പട്ടയ പ്രശ്നങ്ങള്‍ താലൂക്ക് തല ദൗത്യ സംഘമെന്ന രണ്ടാമത്തെ ഘടകം പരിശോധിച്ച് താലൂക്ക് തലത്തില്‍ പരഹരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ പരിഹരിച്ച ശേഷം ശേഷിക്കുന്നവ ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ തല ദൗത്യസംഘത്തിന്റെ പരിഗണനക്ക് അയക്കും. അവിടെ പരിഹരിക്കാന്‍ കഴിയുന്നവ പരിഹരിച്ച് ശേഷിക്കുന്നവ ലാന്റ് റവന്യൂ കമ്മീഷണര്‍ ചെയര്‍മാനായ സംസ്ഥാന ദൗത്യ സംഘത്തിന് കൈമാറും, നിയമപരമായ പ്രശ്നങ്ങളുള്ള വിഷയങ്ങളും വിവിധ വകുപ്പുകള്‍ ചേര്‍ന്ന് തീരുമാനമെടുക്കേണ്ടതുമായ വിഷയങ്ങള്‍ വിവിധ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളും റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും ചീഫ് സെക്രട്ടറി ചെയര്‍മാനുമായ സംസ്ഥാന നിരീക്ഷണ സമിതി മുന്‍പാകെ സമര്‍പ്പിക്കും. സംസ്ഥാന നിരീക്ഷണ സമിതി യോഗം ചേര്‍ന്ന് അത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും.