മാലിന്യ മുക്തം നവകേരള ക്യാമ്പയിനിന്റെ ഭാഗമായി യുവജനങ്ങളെ ബോധവത്ക്കരിക്കാന്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ യൂത്ത് മീറ്റ് ഹരിത കര്‍മ്മ സേന പരിപാടി ജില്ലയില്‍ നടന്നു. തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും അവരോടൊപ്പം ഒരു ദിവസം പ്രവര്‍ത്തിക്കാനും ക്യാമ്പയിന്‍ അവസരമൊരുക്കി. ജില്ലയില്‍ 88 യുവപ്രതിനിധികളും 40 ഹരിത കര്‍മ്മസേനാ പ്രവര്‍ത്തകരുമാണ് പരിപാടിയില്‍ പങ്കെടുത്തത്.

വിദ്യാര്‍ത്ഥികള്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഹരിത കര്‍മ്മ സേനയോടൊപ്പം സുല്‍ത്താന്‍ ബത്തേരി നഗരസഭ പരിധിയിലെ വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചു. ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിച്ച് ഏജന്‍സിയക്ക് കൈമാറി. ഹരിത കര്‍മ്മ സേനയോടൊപ്പം വിദ്യാര്‍ത്ഥികളെത്തിയത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി. ഹരിതകര്‍മ്മസേനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, നേരിടുന്ന വെല്ലുവിളികള്‍, സാമൂഹ്യപ്രശ്നങ്ങള്‍ തുടങ്ങിയവയില്‍ ആശയവിനിമയം നടത്തി. വിദ്യാര്‍ത്ഥികള്‍ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു. മാലിന്യ സംസ്‌ക്കരണത്തില്‍ ഹരിത കര്‍മ്മസേനയുടെ ഇടപെടലും അതുവഴി അവര്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകളും പൊതുജനങ്ങളിലെത്തിക്കാനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിട്ടത്.

യൂസര്‍ഫീ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഹരിത കര്‍മ്മസേന സമൂഹത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയിക്കുന്നതിനും യുവാക്കളെ പങ്കെടുപ്പിക്കുന്നതിലൂടെ സാധിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ നടന്ന ക്യാമ്പിയിനിന്റെ ഉദ്ഘാടനം ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഹര്‍ഷന്‍ നിര്‍വഹിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സാ പൗലോസ്, ക്ലീന്‍ സിറ്റി മാനേജര്‍ കെ.സത്യന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍, ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ്, ഹരിതകര്‍മ്മസേന കോര്‍ഡിനേറ്റര്‍ അന്‍സില്‍ ജോണ്‍, ശുചിത്വ മിഷന്‍ പ്രോഗാം ഓഫീസര്‍ കെ അനൂപ് എന്നിവര്‍ സംസാരിച്ചു.