വടകര മണ്ഡലത്തിലെ പാക്കയിൽ, നടോൽ, താഴെ അങ്ങാടി ഭാഗങ്ങളിലെ ജനങ്ങൾ കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിന് പരിഹാരമാകും വിധം ഒവിസി തോട് നവീകരണം യാഥാർഥ്യമാകുന്നു. തോടിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കായി 2022 – 23 വർഷത്തെ ബജറ്റ് ഫണ്ടിൽ അനുവദിച്ച 1.70 കോടി രൂപയുടെ പ്രവൃത്തിഉദ്‌ഘാടനം കെ കെ രമ എം.എൽ.എയുടെ അധ്യക്ഷതയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി നിർവഹിച്ചു.
കുടിവെള്ള ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്നതിനാൽ ഉൾനാടൻ ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ പ്രധാന അജണ്ടയെന്നും ഇതിനായി ജലവിഭവ വകുപ്പ് വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു, വൈസ് ചെയർമാൻ സജീവ് കുമാർ പി, കൗൺസിലർമാരായ എം ബിജു, റൈഹാനത്ത് പി, നിസാബി വി വി എന്നിവർ സംസാരിച്ചു. മൈനർ ഇറിഗേഷൻ എക്സികുട്ടീവ് എഞ്ചിനീയർ സത്യൻ കെ കെ റിപ്പോർട്ട് അവതരിപ്പിച്ചു. അസി. എക്സികുട്ടീവ് എഞ്ചിനീയർ ഹാബി സി എച്ച് നന്ദി പറഞ്ഞു.