മുക്കം നഗരസഭയിലെ മുത്തേരി മുതൽ കല്ലുരുട്ടി വരെയുള്ള റോഡിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ജനങ്ങൾ കാഴ്ച്ചക്കാരല്ല, കാവൽക്കാരാണ് എന്ന മുദ്രാവാക്യവുമായി പൊതുമരാമത്ത് വകുപ്പിനെ കൂടുതൽ ജനകീയവും, ജനോപകാരപ്രദവുമാക്കിക്കൊണ്ട് പദ്ധതികളോരോന്നും സമയബന്ധിതമായി പൂർത്തീകരിക്കുവാൻ നിരന്തരം ഇടപെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
റോഡിൻ്റെ പുനരുദ്ധാരണത്തിനായി 5 കോടി രൂപ വകയിരുത്തി. 3.4 കി.മീ നീളവും 5.50 മീറ്റർ വീതിയിലും ബി.എം. & ബി.സി സർഫസോടുകൂടിയാണ് റോഡ് പണി പൂർത്തിയാവുക. ഗ്രാനുലാർ സബ്ബ് ബേസ്, വെറ്റ് മിക്‌സ് മെക്കാഡം ബേസ് എന്നിവയോടുകൂടി റോഡ് ബലപ്പെടുത്താൻ തുക ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാൽ, കൾവർട്ട് പുനർനിർമ്മാണം, റോഡ് സുരക്ഷാ ബോർഡുകൾ, മാർക്കിങ്ങ് എന്നിവയും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.
ലിൻ്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ്‌സ്) ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു, വൈസ് ചെയർമാൻ കെ പി ചാന്ദ്നി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അബ്ദുൾ മജീദ്, ഇ സത്യനാരായണൻ, കൗൺസിലർമാരായ
അനിത ടീച്ചർ, നികുഞ്ജം വിശ്വനാഥൻ വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പി.ഡബ്ല്യു.ഡി റോഡ്‌സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം സ്വാഗതവും അസി. എഞ്ചിനീയർ പി പി ദിനേശൻ നന്ദിയും പറഞ്ഞു.