കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പുതിയ ഒപി കെട്ടിടം
പ്രവൃത്തി ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് ദേശീയ ആരോഗ്യ ദൗത്യം മുഖേന 1.82 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ധാരാളം ആളുകൾ ആശ്രയിക്കുന്ന ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനം പ്രാധാന്യത്തോടെയാണ് സർക്കാർ നോക്കി കാണുന്നതെന്നും മന്ത്രി പറഞ്ഞു. ലിൻ്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

ആശുപത്രിയുടെ സമഗ്ര വികസനത്തിന് കോഴിക്കോട് എൻ.ഐ.ടി യുടെ സഹായത്തോടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു. കിടത്തിചികിത്സ അടക്കം ആധുനിക സൗകര്യങ്ങൾ എല്ലാം അടങ്ങുന്നതാണ് മാസ്റ്റർ പ്ലാൻ. ഇതിൽ ഒ.പി ചികിത്സക്കടക്കമുള്ള സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തുന്നത്. കൊടിയത്തൂരും സമീപ പഞ്ചായത്തുകളിലും കിടത്തിചികിത്സയടക്കമുള്ള ആധുനിക ചികിത്സാ സൗകര്യമുള്ള ആശുപത്രികൾ ഇല്ല എന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാകും.

ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ലതിക റിപ്പോർട്ട് അവതരിപ്പിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻ്റിങ് കമ്മറ്റി അധ്യക്ഷന്മാരായ ആയിഷ ചേലപ്പുറത്ത്, മറിയംകുട്ടി ഹസ്സൻ, മെമ്പർമാരായ കെ മൈമുന, ഡോ. സി കെ ഷാജി, ഡോ. എ കെ കസ്തൂർബ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി സ്വാഗതവും സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. മനുലാൽ നന്ദിയും പറഞ്ഞു.