ജനങ്ങളുടെ മാനസികാരോഗ്യപരിപാലനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍മെച്ചപ്പെടുത്തി ആത്മഹത്യപ്രവണതയ്ക്ക് തടയിടാന്‍ സമഗ്രപദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ആത്മഹത്യാനിരക്ക് വര്‍ധനയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് വ്യക്തമാക്കി.

ഉത്കണ്ഠ, വിഷാദം, മാനസികപിരിമുറുക്കം എന്നിവ മുന്‍കൂട്ടികണ്ടെത്തി ആവശ്യമായ വിദഗ്ധസഹായം ലഭ്യമാക്കും. കുടുംബപ്രശ്‌നങ്ങള്‍, ഗാര്‍ഹികപീഡനം, ആരോഗ്യപ്രശ്‌നങ്ങള്‍, ലഹരി ഉപയോഗം, സാമ്പത്തികബാധ്യത തുടങ്ങിയവ ആത്മഹത്യയിലേക്ക് നയിക്കുന്നതിനെതിരെയും മുന്‍കരുതല്‍ കൈക്കൊള്ളും. സാമൂഹിക- സാമ്പത്തിക മേഖലകളിലെ സമഗ്ര ഇടപെടല്‍ വഴിയാണ് ഇതുസാധ്യമാക്കുക.

വ്യക്തിവിവരങ്ങള്‍ രഹസ്യമാക്കി വിദഗ്ധരുമായി ഉത്കണ്ഠകള്‍ പങ്കുവയ്ക്കാനുള്ള അവസരം ഒരുക്കും. മതിയായ സഹായം ലഭിച്ചാല്‍ 80 ശതമാനത്തോളം വിഷാദരോഗങ്ങളും പ്രാഥമിക ചികിത്സയില്‍ ഭേദമാക്കാമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണിത്. മാനസികാരോഗ്യ-പരിപാലനപ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ – ആശാ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

അപകടസാധ്യത – പ്രകോപനഘടകങ്ങള്‍, അപകടസൂചന എന്നിവ മുന്‍കൂട്ടി കണ്ടെത്തി ആത്മഹത്യയില്‍ നിന്ന് സഹജീവികളെ പിന്തിരിപ്പിക്കുന്നതിന് സമൂഹത്തെയും സജ്ജമാക്കും. പോലീസിന് മുന്നില്‍ എത്തുന്ന പരാതികളില്‍ ആവശ്യമുള്ളവയ്ക്ക് കൗണ്‍സിലിംഗ് നല്‍കണം.  യുവജനങ്ങള്‍ക്ക് സാമൂഹികമാധ്യമ ബോധവത്കരണം നടത്തും.  ആത്മഹത്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ മതിയായ ശ്രദ്ധ പുലര്‍ത്തണമെന്നും കലക്ടര്‍ പറഞ്ഞു.

വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ സമഗ്രപദ്ധതി തയ്യാറാക്കും. മാര്‍ച്ച് രണ്ടാം വാരത്തില്‍ ശില്‍പശാല നടത്തും. ആരോഗ്യം, തദ്ദേശസ്വയംഭരണം, വനിതാ-ശിശുവികസനം, പോലീസ്, വിദ്യാഭ്യാസം, തൊഴില്‍, സാമൂഹികനീതി, എക്‌സൈസ്, ഉന്നതവിദ്യാഭ്യാസം, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലാകും പ്രാരംഭഘട്ടപ്രവര്‍ത്തനങ്ങള്‍.

സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ജില്ല മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ ഓഫീസര്‍ ടി സാഗര്‍, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി ഹെല്‍ത്ത് വിഭാഗം മേധാവി ഡോ പി എസ് ഇന്ദു എന്നിവരുടെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി പ്രത്യേകകമ്മിറ്റിയും രൂപീകരിച്ചു.