ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള ഈസ്റ്റ് നടക്കാവ് സ്വിമ്മിംഗ് പൂളിന് സമീപം തോട്ടത്തിൽ രവീന്ദ്രൻ എം എൽഎയുടെ ആസ്തി വികസന നിധി ഉപയോഗിച്ച് നിർമ്മിക്കുന്ന ബേബി പൂൾ പ്രവൃത്തി ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ അധ്യക്ഷത വഹിച്ചു.
നിലവിലുള്ള പൂളിൽ കൂടുതൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്താനുള്ള സൗകര്യമില്ലാത്തതിനാലാണ് മുപ്പതിലധികം കുട്ടികൾക്ക് ഒരേസമയം നീന്തൽ പരിശീലനം നടത്താൻ കഴിയുന്ന പുതിയ സ്വിമ്മിംഗ് പൂൾ നിർമ്മിക്കുന്നത്. ടെണ്ടർ നടപടികൾ പൂർത്തിയായ പദ്ധതി മൂന്ന് മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തോട്ടത്തിൽ രവീന്ദ്രൻ എം എൽഎയുടെ ആസ്തി വികസന നിധിയിൽ നിന്നും 21 ലക്ഷം രൂപയാണ് പൂളിനായി വകയിരുത്തിയത്.
കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി പി ദാസൻ, കോർപ്പറേഷൻ കായിക വിഭാഗം ചെയർപേഴ്‌സൺ സി രേഖ, ജില്ലാ സ്പോർട്സ് കൗൺസിൽ സ്റ്റേറ്റ് നോമിനി അഗസ്റ്റിൻ.പി.ടി എന്നിവർ സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ് സ്വാഗതവും ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. റോയ് ജോൺ നന്ദിയും പറഞ്ഞു.
ജില്ലാ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് കെ ജെ മത്തായി, എക്‌സിക്യുട്ടീവ് മെമ്പർമാരായ കെ എം ജോസഫ്, ടി.എം അബ്ദുറഹിമാൻ, ഇ കോയ, ദിൽന, കോർപ്പറേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ എസ് ദിലീപ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.