സംസ്ഥാന വനിതാ കമ്മിഷന്റെ കോഴിക്കോട് ജില്ലാതല അദാലത്തിൽ എട്ട് പരാതികൾ തീർപ്പാക്കി. ഒരു പരാതിയിൽ പോലീസ് റിപ്പോർട്ട് തേടി. ഒരു പരാതിയിൽ വുമൺ പ്രോട്ടക്ഷൻ ഓഫീസർ മുഖാന്തരം ഒരു സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നതിന് പ്രോട്ടക്ഷൻ ഓർഡർ വാങ്ങി നൽകാൻ നിർദേശം നൽകി. 44 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 54 പരാതികളാണ് പരിഗണനയ്ക്ക് വന്നത്.
കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണനയ്ക്ക് എത്തിയവയിൽ ഏറെയും. ഭാര്യാ-ഭർത്താക്കന്മാർ, രക്ഷിതാക്കളും മക്കളും, സഹോദരങ്ങൾ എന്നിവർ തമ്മിലുള്ള പ്രശ്‌നങ്ങളും ഇതിൽ ഉൾപ്പെടും. പരസ്പരം ആശയവിനിമയം നടത്താതെ ഒരേ വീട്ടിൽ ഭാര്യാ-ഭർത്താക്കന്മാരായി കഴിയുന്നവരുമുണ്ട്. ഇവർക്ക് ആവശ്യമായ കൗൺസിലിംഗ് നൽകാൻ നിർദേശിച്ചു. മദ്യപാനത്തെ തുടർന്ന് ഭർത്താക്കന്മാർ വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നെന്ന പരാതിയിൽ കൗൺസിലിംഗും ഡി അഡിക്ഷൻ സെന്ററിന്റെ സേവനവും നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചു.

ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിയാൽ കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കി കൊണ്ടുപോകാൻ സാധിക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.
കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ അഭിഭാഷകരായ വി.പി. ലിസി, പി.എ. അബിജ, കൗൺസിലർമാരായ സി. അവിന, സുനിഷ റിനു, സുധിന സനൂഷ്, സബിന രൺദീപ്, എഎസ്‌ഐമാരായ ഗിരിജ എൽ നാറാണത്ത്, എം.എസ്. രാജേഷ് എന്നിവർ പങ്കെടുത്തു