കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി മുതൽ ആന്റിബയോട്ടിക്കുകൾ ലഭിക്കുക നീല കവറിൽ. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് പ്രതിരോധിക്കുന്നതിനു വേണ്ടി സർക്കാർ നയം രൂപീകരിച്ചിരുന്നു. ഇതനുസരിച്ചുള്ള 10 മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനാൽ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തെ രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക്‌ സ്മാർട്ട്‌ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് നീല കവറിൽ ആന്റിബയോട്ടിക്കുകൾ നൽകുന്നത്.

ആന്റിബയോട്ടിക്‌ സാക്ഷരത വർധിപ്പിക്കുന്നതിനും ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനുമായി ഇനി മുതൽ ആന്റിബയോട്ടിക്കുകൾ നീല നിറത്തിലുള്ള മരുന്ന് കവറുകളിൽ ആണ് വിതരണം ചെയ്യുക. ഇതോടൊപ്പം തന്നെ കക്കോടി പഞ്ചായത്തിലെ എല്ലാ മെഡിക്കൽ ഷോപ്പുകളിലും പ്രദർശിപ്പിക്കുന്നതിനായി ആന്റിബയോട്ടിക്‌ വിതരണ നയത്തിന്റെ നീല പോസ്റ്ററുകൾ വിതരണം ചെയ്തു.

നീല മരുന്ന് കവറിന്റെയും നീല പോസ്റ്ററിന്റെയും വിതരണം ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ രാജേന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ഷീബ അധ്യക്ഷത വഹിച്ചു. ജില്ലാ എ എം ആർ നോഡൽ ഓഫീസർ ഡോ എ പി ജിനീഷ് വിഷയാവതരണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ പി കെ ദിവ്യ, വൈസ് പ്രസിഡന്റ്‌ ടി ടി വിനോദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പുനത്തിൽ മല്ലിക, ഹെൽത്ത്‌ ഇൻസ്‌പെക്ടർ മായ തുടങ്ങിയവർ പങ്കെടുത്തു.