• മലയോര മേഖലയിലെ പട്ടയ അപേക്ഷകൾക്ക് സർക്കാർ നൽകുന്നത് വലിയ പ്രാധാന്യം : മുഖ്യമന്ത്രി
  • അർഹതപ്പെട്ട പട്ടയങ്ങൾ അനുവദിക്കുന്നതിൽ വിട്ടുവീഴ്ചയില്ല : മന്ത്രി റോഷി അഗസ്റ്റിൻ

മലയോര മേഖലയിൽ നിന്നുള്ള പട്ടയ അപേക്ഷകൾ സർക്കാർ വലിയ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാമത് പട്ടയമേളയുടെ സംസ്ഥാനതല ഉദ്‌ഘാടനം തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടര വർഷക്കാലയളവിൽ ഒരുലക്ഷത്തി അൻപത്തിരണ്ടായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്‌ഘാടന പ്രസംഗത്തിന് ശേഷം ജില്ലാതല പട്ടയമേളകൾ നടന്നു. ഇടുക്കി ചെറുതോണി ടൗൺഹാളിൽ നടന്ന പട്ടയമേള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. അർഹതപ്പെട്ട പട്ടയങ്ങൾ അനുവദിക്കുന്നതിൽ ഒരു രീതിയിലും വിട്ടുവീഴ്ചകാണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആയിരം പട്ടയങ്ങൾ നേരിട്ട് നല്കാൻ കഴിയുന്നത് അഭിമാന നിമിഷമാണ് . ജില്ലയിൽ കഴിഞ്ഞ രണ്ടരവർഷക്കാലയളവിൽ നൽകിയത് 7458 പട്ടയങ്ങളെന്നും മന്ത്രി അറിയിച്ചു.

1993 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമുള്ള 670 പട്ടയങ്ങള്‍, 1964 ചട്ടങ്ങള്‍ പ്രകാരമുള്ള 198, 35 എല്‍റ്റി ക്രയസര്‍ട്ടിഫിക്കറ്റുകള്‍, 1995 ലെ മുന്‍സിപ്പല്‍ ചട്ടങ്ങള്‍ പ്രകാരമുള്ള 5 പട്ടയങ്ങള്‍, ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പ്രകാരമുള്ള 13 പട്ടയങ്ങള്‍, 79 വനാവകാശരേഖ എന്നിവയാണ് വിതരണം ചെയ്തത്.

പരിപാടിയിൽ ഡീന്‍ കുര്യാക്കോസ് എം.പി, വാഴൂര്‍ സോമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു , ജില്ലാകളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷന്‍ മെമ്പര്‍ കെ. ജി സത്യന്‍, സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.