ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു

പായിപ്ര, കവളങ്ങാട്, കുട്ടമ്പുഴ, നെടുമ്പാശ്ശേരി, എടവനക്കാട് ഗ്രാമപഞ്ചായത്തുകൾ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ഇതോടെ ജില്ലയിലെ 111 തദ്ദേശഭരണ സ്ഥാപനങ്ങളുടെയും 2024-25 വാർഷിക പദ്ധതി അംഗീകാരം പൂർത്തിയായി.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിന്നിരുന്ന നെടുമ്പാശ്ശേരി, എടവനക്കാട് ഗ്രാമപഞ്ചായത്തുകളുടെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി ഭേദഗതിക്കും യോഗം അംഗീകാരം നൽകി.

കുന്നുകര ഗ്രാമപഞ്ചായത്തിന്റെ ഹെൽത്ത് ഗ്രാൻ്റ് പദ്ധതി ഭേദഗതി, കൂത്താട്ടുകുളം, തൃക്കാക്കര നഗരസഭകളുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2024-25 ആക്ഷൻ പ്ലാൻ, ലേബർ ബഡ്ജറ്റ്, കൊച്ചി നഗരസഭയുടെ ഖര മാലിന്യ സംസ്കരണ പദ്ധതി ഭേദഗതി എന്നിവയ്ക്ക് യോഗം അംഗീകാരം നൽകി.

വടവുകോട്, മുളന്തുരുത്തി എബിസി സെൻ്റർ നടത്തിപ്പിന് മഴുവന്നൂർ, ചോറ്റാനിക്കര ഗ്രാമപഞ്ചായത്തുകൾ പ്രവർത്തന ഫണ്ട് ലഭ്യമാക്കാനും പിറവം, കൂത്താട്ടുകുളം നഗരസഭകൾ മുളന്തുരുത്തി സെൻ്ററിൽ ഉൾക്കൊള്ളിക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കാനും യോഗം നിർദ്ദേശം നൽകി. 2023-24 വാർഷിക പദ്ധതി പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു.

ശുചിത്വമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ നവകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എസ്. രഞ്ജിനി യോഗത്തിൽ അവതരിപ്പിച്ചു. ശുചിത്വ മാലിന്യ സംസ്കരണം മോണിറ്റർ ചെയ്യാൻ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഉല്ലാസ് തോമസ്, എ.എസ് അനിൽകുമാർ എന്നിവരെ യോഗം ചുമതലപ്പെടുത്തി.

ജില്ലാ ആസൂത്രണ സമിതി ചെയർമാൻ മനോജ് മൂത്തേടൻ്റെ അധ്യക്ഷതയിൽ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ആസൂത്രണ സമിതി അംഗങ്ങളായ അനിത ടീച്ചർ, ദീപു കുഞ്ഞുകുട്ടി, അനിമോൾ ബേബി, ഉല്ലാസ് തോമസ്, ശാരദ മോഹൻ, ഷാന്റി എബ്രഹാം, എ.എസ് അനിൽകുമാർ, റീത്ത പോൾ, ജമാൽ മണക്കാടൻ, മേഴ്സി ടീച്ചർ, ജില്ലാ പ്ലാനിങ് ഓഫീസർ (ഇൻ ചാർജ്) എം.എം ബഷീർ, തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, അധ്യക്ഷർ എന്നിവർ പങ്കെടുത്തു.