വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾക്ക് ചിറക് നൽകുക യാണ് സർക്കാർ ലക്ഷ്യം: മന്ത്രി ആർ. ബിന്ദു
വിദ്യാർത്ഥികളുടെ നൂതനമായ ആശയങ്ങൾക്ക് ചിറകു നൽകി അവരുടെ സംഘടനാ ശേഷിയും സാമൂഹിക പ്രതിബദ്ധതയും വികസിപ്പിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിൽ ആരംഭിച്ച പോളിടെക്നിക്ക് കോളജുകളുടെ ആദ്യ സംസ്ഥാനതല ടെക്നിക്കൽ എക്സിബിഷൻ യങ് ഇന്നോവേറ്റേഴ്സ് ടെക്നിക്കൽ സമ്മിറ്റ് (വൈ -സമ്മിറ്റ് 2024) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസത്തിൻ്റെ സാമൂഹികമായ വളർച്ചയാണ് യങ് ഇന്നോവേറ്റേഴ്സ് പരിപാടിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന നൈപുണ്യ വിടവ് ഇല്ലാതാക്കാൻ കഴിയുന്ന വിധത്തിൽ തൊഴിലിനും പഠനത്തിനും കൂടുതൽ പ്രാധാന്യം നൽകണം. പ്രായോഗിക പരിചരണത്തിലൂടെ പഠിക്കുക എന്നത് പോളിടെക്നിക് കോളേജുകളിൽ നേരത്തെ മുതൽ സ്വീകരിച്ചു വരുന്ന രീതിയാണ്.
എന്നാൽ ഇത് മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ നൂതനമായ ആശയങ്ങൾ കൂടുതൽ പ്രാവർത്തികമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്. ഇതിൻ്റെ ഭാഗമായാണ് യങ് ഇന്നോവഷൻ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികളിൽ നൂതനാശയ രൂപീകരണം പ്രോത്സാഹിപ്പിക്കാനും സാങ്കേതികവിദ്യാ സഹായത്തോടെ സാമൂഹികപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും വൈ സമ്മിറ്റ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പോളിടെക്നിക് കോളേജുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, കെ ഡിസ്കിന്റെയും ഇതര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കണക്ട് കരിയർ ടു ക്യാമ്പസ് എന്നീ പദ്ധതികൾ വിജയകരമായി മുന്നോട്ടുപോകുന്നുണ്ട്. യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി നൂതനമായ ആശയം മുന്നോട്ടുവെക്കുന്ന വിദ്യാര്‍ഥിക്ക് അത് സാക്ഷാത്കരിക്കുന്നതിന് അഞ്ച് മുതല്‍ 25 ലക്ഷം വരെ നൽകി വരുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖല പ്രത്യേകിച്ച് സാങ്കേതിക വിദ്യാഭ്യാസ മേഖല സമഗ്രവും സമൂലവുമായ മാറ്റങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ കൃത്യമായി മനസ്സിലാക്കേണ്ടതിന്റെ അടിസ്ഥാനത്തിൽ തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢീകരിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇൻഡസ്ട്രിയൽ അക്കാദമി ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട് ഒരു ഇന്നവേഷൻ, ഇൻക്യുബേഷൻ, സ്റ്റാർട്ട് അപ്പ് എൻവിയോൺമെൻ്റ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വളർത്തിക്കൊണ്ടു വരിക എന്നത് ഈ കാലഘട്ടത്തിന് അനിവാര്യമാണ്. വിദ്യാർത്ഥി കേന്ദ്രീകൃതമായ അവരുടെ താത്പര്യങ്ങളും അഭിരുചികളും മനസ്സിലാക്കിയുള്ള അഭ്യസ്തരീതിയാണ് കുട്ടികൾക്ക് ഇഷ്ടം. ഇതിൻ്റെ ആദ്യത്തെ കാൽവെപ്പാണ് യങ് ഇന്നോവേറ്റേഴ്സ് ക്ലബ്ബുകൾ.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മികവിറ്റതാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നാലു വർഷത്തിനിനിടയിൽ 6,000 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. 1500 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. സൗകര്യങ്ങൾ മെച്ചപ്പെടുത്തി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ തൊഴിലും നൈപുണ്യവും തമ്മിലുള്ള വിടവ് നികത്തി വിദ്യാർത്ഥി കേന്ദ്രീകൃതമായ അന്തരീക്ഷത്തിൽ കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ യങ് ഇന്നോവേറ്റേഴ്സ് ടെക്നിക്കൽ സമ്മിറ്റ് (വൈ -സമ്മിറ്റ് 2024) വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വൈ സമ്മിറ്റിൻ്റെ ഭാഗമായി വിവിധ പോളിടെക്നിക് കോളേജുകളിലെ വിദ്യാർത്ഥികളുടെ പുത്തൻ ആശയങ്ങളും പ്രോജക്ടുകളും ഉൾപ്പെടുത്തി ഒരുക്കിയ പ്രദർശന സ്റ്റാളും മന്ത്രി സന്ദർശിച്ചു.
കളമശ്ശേരി നഗരസഭ കൗൺസിലർ നിഷിത സലിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻ്റ് ഡയറക്ടർ ഡോ എം രാമചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. എം എസ് രാജശ്രീ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എ സുൽഫിക്കർ, കെ ഡിസ്ക് പ്രോഗ്രാം കൺസൾട്ടൻസ് ബിജു പരമേശ്വരൻ, ഗവൺമെൻറ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ആനി ജെ സെനത്ത്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ, പോളിടെക്നിക് കോളേജ് അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.