ആലപ്പുഴ: കേരളം കണ്ട മഹാപ്രളയത്തിന് ശേഷം ജില്ലയിലെ ടൂറിസത്തിന് പുത്തൻ ഉണർവ് പകരാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ജില്ല ഭരണകൂടവും സംയുക്തമായി ആരംഭിക്കുന്ന ബാക്ക് ടു ബാക്ക് വാട്ടേഴ്‌സ് കാംപെയിന് നാളെ (നവംബർ രണ്ട്) തുടക്കമാകും. പുന്നമടക്കായലിൽ ഇരുന്നൂറിൽപ്പരം ഹൗസ്‌ബോട്ടുകളെ അണിനിരത്തി വെള്ളിയാഴ്ചത്തെ ഹൗസ്‌ബോട്ട് റാലിയാണ് പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത. ഹൗസ്‌ബോട്ട് റാലിയുടെ ഉദ്ഘാടനം രാവിലെ 10ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. നവംബർ രണ്ടിന് രാവിലെ എട്ടിന് ആലപ്പുഴ ബിച്ചിൽ നിന്നും ഫിനിഷിങ് പോയിന്റിലേക്ക് സൈക്കിൾ, ബൈക്ക് റാലി നടക്കും. 10മണിക്ക് ഫിനിഷിങ് പോയിന്റിൽ സമാപിക്കും. ”അതിജീവനത്തിന്റെ നാളുകൾ എന്ന പേരിൽ പ്രളയ ദുരിതത്തിന്റെയും രക്ഷാപ്രവർത്തനങ്ങളുടെയും ഫോട്ടോ പ്രദർശനവും സംഘടിപ്പിക്കും. 10.30ന് ഇരുനൂറിൽപ്പരം ഹൗസ് ബോട്ടുകളും, നൂറിലധികം ഷിക്കാരകളും പുന്നമടക്കായലിൽ അണിനിരത്തി ഹൗസ്ബോട്ട് റാലി നടക്കും.മൂന്നു മണിക്കൂറോളം നീണ്ടു നിൽക്കുന്ന റാലിയിൽ ഓരോ ജില്ലകളിലെയും തനതു കലാ രൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനും അന്നേദിവസം ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഹൗസ്‌ബോട്ട് യാത്ര നൽകുന്നതിനും ഡി.ടി.പി.സി. തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ബോട്ട് സവാരികൾക്കായി അന്നേദിവസം ലഭിക്കുന്ന മുൻകൂർ ബുക്കിങ്ങിന് ഇളവുകളും നൽകുന്നുണ്ട്.