നൂതന സാങ്കേതികരീതികള്‍ പ്രയോജനപ്പെടുത്തി പരിമിതമായ സാഹചര്യത്തില്‍ മികച്ച കൃഷിയിടം ഒരുക്കുന്നത് ലക്ഷ്യമാക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പോഷകശ്രീ പദ്ധതിക്ക് തുടക്കമായി. മണ്ണ് പൂര്‍ണമായി ഒഴിവാക്കി പകരം പഴയ പത്രങ്ങള്‍, ചാണകപ്പൊടി, ചകിരി ചോറ് കമ്പോസ്റ്റ് എന്നിവ നിശ്ചിത അളവില്‍ തട്ടുകളായി അടുക്കി ഏറ്റവും മുകളില്‍ ഡോളോമൈറ്റ് മിശ്രിതം എന്നിവ ഉപയോഗിച്ച് സജ്ജീകരിച്ചിട്ടുള്ള ഗ്രോബാഗുകളിലാണ് കൃഷി.

ജലം പാഴാക്കാതെ ആവശ്യാനുസരണം മാത്രം ഗ്രോബാഗില്‍ എത്തിക്കുന്ന തിരിനന സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3800 ഹൈഡെന്‍സിറ്റി പോളിത്തീന്‍ ബാഗുകള്‍ 100 യൂണിറ്റുകളായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കര്‍ഷകര്‍ക്ക് ആകെ ചെലവില്‍ 75 ശതമാനവും ബ്ലോക്ക് പഞ്ചായത്ത് സബ്സിഡിയായി നല്‍കുന്നു.

ബ്ലോക്ക് പഞ്ചായത്തിന്റെ 15 ലക്ഷം രൂപ ചെലവഴിച്ചാണ് നടപ്പിലാക്കുന്നത്. ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ എന്‍ ശര്‍മ, സരിത രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ സദാനന്ദന്‍പിള്ള, ബി ഡി ഒ ഇന്‍ ചാര്‍ജ് ജിപ്‌സണ്‍, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീവത്സ, പൂതക്കുളം കൃഷി ഓഫീസര്‍ താന്‍സി ഷെരീഫ്,പുതുക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ, വൈസ് പ്രസിഡന്റ് വി ജി ജയ, മറ്റ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു