* റൈസിംഗ് ഡേ പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു
* സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ഉദ്ഘാടനവും പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും നിര്‍വഹിച്ചു
പോലീസിനെ നിര്‍വീര്യമാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും സമൂഹം ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പോലീസ് രൂപീകരണദിനത്തോടനുബന്ധിച്ച് എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന റൈസിംഗ് ഡേ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നുകാണുന്ന കേരളം ഒറ്റരാത്രി കൊണ്ട് ഉണ്ടായതല്ല. നിരവധി അനാചാരങ്ങള്‍ ഇല്ലാതാക്കി ലോകശ്രദ്ധ ആകര്‍ഷിക്കുന്ന പുരോഗമന കേരളമായി നാടിന് മാറാനായത് നവോത്ഥാന നായകരുടെ പ്രവര്‍ത്തനങ്ങളിലൂടെയും എണ്ണമറ്റ ജനകീയ മുന്നേറ്റങ്ങളിലൂടെയുമാണ്. എന്നാല്‍, കേരളത്തെ വീണ്ടും പഴയകാലത്തേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ശക്തമാണ്. അത്തരക്കാര്‍ പോലീസ് സേനയിലും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ കഴിയുമോ എന്നാണ് നോക്കുന്നത്. പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു ഇടങ്ങളും എല്ലാം മതേതരമാണ്. പൊതുസ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും വിഭാഗീയതയുടെ വിഷവിത്തുകള്‍ പാകാന്‍ അവസരം ഉണ്ടായിക്കൂടാ.
പോലീസിനെ നിര്‍വീര്യമാക്കാന്‍ ഉദ്ദേശിച്ച് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ ജാതിപറഞ്ഞും അസഭ്യം പറഞ്ഞും ആക്ഷേപിക്കുന്നത് അനുവദിക്കില്ല. ഇത്തരം ശ്രമങ്ങള്‍ നാടിന്റെ ഭാവിയെ തകര്‍ക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ് ഗൗരവമായി കാണും. പൊതുസമൂഹവും ഇത് തിരിച്ചറിയണം. നിയമപ്രകാരമുള്ള നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകും.
ഐക്യകേരളത്തിന്റെ രൂപീകരണത്തിന് ശേഷമാണ് പോലീസിനെ കൊളോണിയല്‍ പാരമ്പര്യത്തില്‍നിന്ന് മോചിപ്പിച്ച് ജനാധിപത്യസംവിധാനത്തിന് അനുഗുണമായി മാറ്റിയെടുക്കാന്‍ ശ്രമം തുടങ്ങിയത്. അതോടൊപ്പം, ഭരണഘടനയില്‍ പറയുന്ന മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ഉറപ്പാക്കല്‍, നാടിന്റെ വികസനത്തിന് ആവശ്യമായ മാറ്റങ്ങള്‍ തുടങ്ങിയവ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ കുറേയേറെ നടപ്പായിട്ടുണ്ട്. അന്വേഷണത്തിലും, സാങ്കേതികവിദ്യയിലും, കാഴ്ചപ്പാടിലും മാറ്റംവന്നു. അതുകൊണ്ടാണ് ഇന്ത്യയിലെ മികച്ച പോലീസ് സംവിധാനം നമ്മുടേതാണെന്ന് പല സര്‍വേകളും വിലയിരുത്തിയത്.
നമ്മുടെ സേനയിലുള്ളത് വിദ്യാസമ്പന്നരാണ്. നിയമവാഴ്ച ഉറപ്പാക്കാന്‍ പരാതികള്‍ക്കെല്ലാം കേസ് രജിസ്റ്റര്‍ ചെയ്യുന്നതും പ്രത്യേകതയാണ്.
എന്നാല്‍, കൊളോണിയല്‍ അവശിഷ്ടങ്ങള്‍ സേനയില്‍ നിന്ന് മാറണം. അഴിമതിയും, മൂന്നാംമുറയും പൂര്‍ണമായി ഇല്ലാതാകണം. ഏതു ദുര്‍ബലനും സാധാരണക്കാരനും സമീപിച്ച് ആവലാതി പരിഹരിക്കാനുള്ള സംവിധാനമാകണം പോലീസ്. അതിനു വിഘാതമായി എന്തെല്ലാമുണ്ടെങ്കിലും അത് മാറണം.
പോലീസില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സര്‍ക്കാര്‍ 4000 അധിക തസ്തിക സൃഷ്ടിച്ചു. ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ളവരെ എസ്.എച്ച്.ഒമാരാക്കി. സൈബര്‍കുറ്റങ്ങള്‍ നേരിടാന്‍ സൈബര്‍ ഡോം സജീവമാണ്. വകുപ്പിന്റെ പരിഷ്‌കരണം തുടരും. വനിതാപ്രാതിനിധ്യം 25 ശതമാനം ആക്കുകയാണ് ലക്ഷ്യം. സബ് ഡിവിഷനുകള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കായികമേഖലയ്ക്ക് മികവുറ്റ സംഭാവനയാണ് പോലീസ് നല്‍കിയത്. കായികതാരങ്ങള്‍ക്ക് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌പോര്‍ട്്സ്   ഹോസ്റ്റല്‍ എസ്.എ.പി ക്യാമ്പിനൊപ്പം പുതുതായി ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പോലീസിലെ കായികതാരങ്ങള്‍ക്ക് താമസത്തിനായി തയാറാക്കിയ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മൂന്നുനിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ജിം, അടുക്കള, ഭക്ഷണശാല, റിക്രിയേഷന്‍ റൂം, താമസിക്കാനുള്ള മുറികള്‍ എന്നിവ ഇവിടെയുണ്ട്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്ക് വാങ്ങിയ 170 വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.