ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും, ത്രീഡി അനിമേഷന്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ലിറ്റില്‍ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. ഉപജില്ലാ ക്യാമ്പിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളാണ് ജില്ലാ ക്യാമ്പില്‍ പങ്കെടുക്കുന്നത്. പ്രോഗ്രാമിങ്, അനിമേഷന്‍ മേഖലയില്‍ തിരഞ്ഞെടുത്തവര്‍ക്ക് പ്രത്യേകം സെഷനുകളുണ്ടാകും.

വസ്തുക്കളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിക്കാനുമുള്ള ശേഷി വളര്‍ത്തുകയാണ് അനിമേഷന്‍ മേഖലയിലെ പരിശീലനത്തിന്റെ ലക്ഷ്യം. ബ്ലെന്‍ഡര്‍ സോഫ്റ്റ്വെയറില്‍ ത്രിമാന രൂപങ്ങള്‍ തയ്യാറാക്കി അനിമേഷന്‍ നല്‍കുന്നതും കുട്ടികള്‍ പരിശീലിക്കും. ത്രീഡി കാരക്ടര്‍ മോഡലിങ്, കാരക്ടര്‍ റിഗ്ഗിങ് മുതലായ ത്രീ ഡി ഒബ്ജക്ടുകളുടെ നിര്‍മ്മാണം, ത്രീഡി അനിമേഷന്‍ എന്നിവയാണ് പ്രായോഗികമായി ആനിമേഷന്‍ വിദ്യാര്‍ഥികള്‍ പരിശീലിക്കുന്നത്.

മൊബൈല്‍ ആപ്പ് നിര്‍മ്മാണം, ആര്‍ഡിനോ കിറ്റിലെ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മൂവിംഗ് ലൈറ്റ്, സ്മാര്‍ട്ട് റൂം ലൈറ്റ്, ഇന്റലിജന്റ് സി സി റ്റി വി ക്യാമറ, ആര്‍.ജി.ബി ലൈറ്റ് എന്നീ ഉപകരണങ്ങളും ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി) തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ഐ.ഒടി ഉപകരണം തയാറാക്കുന്ന പ്രവര്‍ത്തനവുമാണ് പ്രോഗ്രാമിങ് മേഖലയില്‍ പരിശീലിക്കുന്നത്. ജില്ലാ ക്യാമ്പുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും.