വേനല്‍ അധികരിച്ചതിനാല്‍ പരീക്ഷാസമയത്ത് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണമെന്ന് ജില്ലാകലക്ടര്‍ എന്‍ ദേവിദാസ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. വേനല്‍ കാലത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ഉറപ്പാക്കണം. ജലദൗര്‍ലഭ്യതയുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി ജലലഭ്യത ഉറപ്പാക്കും. വേനല്‍ക്കാലമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണം.
ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന പൊടി ശല്യം കുറയ്ക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണം. ഉത്സവ മേഖലകളില്‍ ക്രമസമാധാന പരിപാലനത്തിന് പ്രഥമ പരിഗണന നല്‍കണമെന്നും യോഗം വിലയിരുത്തി.

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചരണത്തിനായി പ്രകൃതി സൗഹൃദ ഉത്പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കണം കിഴക്കന്‍ മേഖലകളില്‍ വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനായി സോളാര്‍ ഫെന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുന്ന നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രതിനിധി പി എ സജിമോന്‍ ആവശ്യപ്പെട്ടു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകളുടെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച് സര്‍വേ നടത്തണമെന്നും പ്രവര്‍ത്തനക്ഷമമല്ലാത്തവ മാറ്റി സ്ഥാപിക്കണമെന്നും സി ആര്‍ മഹേഷ് എം എല്‍ എ ബന്ധപ്പെട്ട വകുപ്പിനെ ചുമതലപ്പെടുത്തി.

കുണ്ടറ – മണ്‍ട്രോത്തുരുത്ത് റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ വ്യക്തമാക്കി.

വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്നും പി എസ് സുപാല്‍ എം എല്‍ എയുടെ പ്രതിനിധി പറഞ്ഞു. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ ജലക്ഷാമമുള്ള രണ്ട് പ്രദേശങ്ങളില്‍ കുടിവെള്ളലഭ്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എയുടെ പ്രതിനിധി നിര്‍ദേശിച്ചു. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി എസ് ബിജു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.