മുതുകുളം സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2.93 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് മുതുകുളം സബ് ട്രഷറി നിർമ്മാണം പൂർത്തിയാക്കിയത്.

2021-ൽ കേരളത്തിന്റെ തനത് നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. എന്നാലത് ഈ വർഷം 78,000 കോടി രൂപയായി ഉയർന്നു. മൂന്നുവർഷം ആകുന്നതിനു മുമ്പ് തനത് നികുതി വരുമാനത്തിൽ 30,000 കോടി രൂപയുടെ വർധനവുണ്ടാക്കിയ സംസ്ഥാനമായി കേരളം മാറിയെന്ന് ഉദ്ഘാടന പ്രസം​ഗത്തിൽ മന്ത്രി പറഞ്ഞു.

ട്രഷറിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത് സമൂഹത്തിന്റെ സാമ്പത്തികാരോഗ്യം ലക്ഷ്യം വെച്ചാണ്. രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് 27 ട്രഷറികൾ ഉദ്ഘാടനം ചെയ്തു. ശരാശരി രണ്ടു കോടി രൂപയാണ് ഒരു ട്രഷറിയുടെ നിർമ്മാണത്തിനായി സർക്കാരിന് ചെലവാകുന്നത്. 33 ട്രഷറികൾ നവീകരിച്ചു. 29 ട്രഷറികൾക്കായി സ്ഥലമെറ്റെടുത്തുവെന്നും മന്ത്രി പറഞ്ഞു.

മാരൂർ മൂന്നില എൻ.എസ്.എസ് കരയോഗ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തല എം.എൽ.എ. അധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ടീച്ചർ, മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജ്യോതിപ്രഭ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. സജീവൻ, എസ്. പവനനാഥൻ, എൽ. ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സുഭാഷ്, മുതുകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ലാൽമാളവ്യ, ഗ്രാമപഞ്ചായത്ത് അംഗം എസ്. ഷീജ, ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ, ദക്ഷിണ മേഖല ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ കെ. പി. ബിജുമോൻ, ചെങ്ങന്നൂർ ജില്ലാ ട്രഷറി ഓഫീസർ എം.എൽ ബിന്ദു, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.