ചെങ്ങന്നൂരിലെ ബുധനൂര്‍, പുലിയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ നിര്‍മ്മാണം പൂര്‍ത്തിയായതും ആരംഭിക്കുന്നതുമായ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ തിങ്കളാഴ്ച നിര്‍വഹിച്ചു. ചെങ്ങനൂരിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 36 കോടി രൂപയുടെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ചെങ്ങന്നൂരില്‍ പൂര്‍ത്തിയാക്കി. ശുചീകരിച്ച കുട്ടന്‍പേരൂര്‍ ആറില്‍ മീന്‍ വളര്‍ത്താന്‍ ആറ് യൂണിറ്റുകള്‍ ആരംഭിക്കും. ഇതിനായി സര്‍ക്കാര്‍ 60 ശതമാനം സബ്‌സിഡിയോടെ കരിമീന്‍, വരാല്‍ തുടങ്ങിയ മീന്‍ കുഞ്ഞുങ്ങളെ നല്‍കും. ചെങ്ങന്നൂരിലെ എല്ലാ റോഡുകളും എറ്റവും ഗുണനിലവാരമുള്ളതാണ്. 27 പാലങ്ങള്‍ ചെങ്ങന്നൂരില്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു.

ബുധനൂര്‍ പഞ്ചായത്ത് എണ്ണയ്ക്കാട് പുത്തന്‍തോട്ടുകര റോഡ് ഉദ്ഘാടനം, ബുധനൂര്‍ എണ്ണയ്ക്കാട് പി.എച്ച്.സി. സബ് സെന്റര്‍ ശിലാസ്ഥാപനം എന്നിവ മന്ത്രി നിര്‍വഹിച്ചു. എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപയാണ് പി.എച്ച്.സി. സബ് സെന്ററിനായി അനുവദിച്ചത്. 550 മീറ്റര്‍ എണ്ണയ്ക്കാട് പുത്തന്‍തോട്ടുകര റോഡ് 38.2 ലക്ഷം രൂപ ചെലവിലാണ് നിര്‍മിച്ചത്. ചടങ്ങില്‍ ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജി. രാമകൃഷ്ണന്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷ സുജാത മുരളി, പഞ്ചായത്ത് അംഗങ്ങളായ ശ്രീജ ശ്രീകുമാര്‍, ശോഭ മഹേശന്‍, ജി. ഉണ്ണികൃഷ്ണന്‍, ജി. മോഹന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു അശോകന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുലിയൂര്‍ പഞ്ചായത്തിലെ പെരുമാനൂര്‍ നാനിശ്ശേരി റോഡ്, തെക്കനാല്‍ പടി – ആല – പൊന്നന്ത്രപ്പടി റോഡ്, പൂക്കളക്കാട് – താമരപ്പള്ളി റോഡ്, ചരക്കത്തില്‍ പാലം, വാഴയില്‍പാലം, നൂറ്റവന്‍പാറ ടി. വി. സെന്റര്‍ – കല്ലൂഴത്തില്‍പടി റോഡ്, ഓര്‍ക്കുട്ട് ജലധാര ബണ്ട് റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വഹിച്ചു. 330 മീറ്റര്‍ നീളമുള്ള പെരുമാനൂര്‍ നാനിശ്ശേരി റോഡ് 30 ലക്ഷം രൂപ ചെലവിലാണ് നിര്‍മിച്ചത്. 317 മീറ്റര്‍ തെക്കനാല്‍ പടി – ആല – പൊന്നന്ത്രപ്പടി റോഡിന്റെ നിര്‍മാണച്ചെലവ് 34.8 ലക്ഷം രൂപയാണ്. 50 മീറ്റര്‍ നൂറ്റവന്‍പാറ ടി. വി. സെന്റര്‍ – കല്ലൂഴത്തില്‍പടി റോഡ് 49.7 ലക്ഷം ചെലവിട്ടാണ് നിര്‍മിച്ചത്. പൂക്കളക്കാട് – താമരപ്പള്ളി റോഡ് (415 മീറ്റര്‍) 20.8 ലക്ഷം രൂപയിലാണ് നിര്‍മിച്ചത്.

പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് അംഗം സുജ രാജീവ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജു യോഹന്നാന്‍, സരിത ഗോപന്‍, പ്രമോദ് അമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.