സംസ്ഥാനത്ത് ഏഴു വര്‍ഷം കൊണ്ട് നല്‍കിയത് അഞ്ച് ലക്ഷം ലൈഫ് വീടുകളാണെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ലൈഫ് ഭവനപദ്ധതിയിലൂടെ ബുധനൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച ഒമ്പത് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭവന നിര്‍മ്മാണം സര്‍ക്കാരിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയാണ്. എല്ലാവര്‍ക്കും വാസയോഗ്യമായ ഭവനമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 2016-ല്‍ പ്രഖ്യാപിച്ചത്. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും ഭവനവും. അതിനായി ഒരു മിഷന്‍ രൂപീകരിച്ചു, അതാണ് ലൈഫ് മിഷന്‍. നിലവില്‍ മൂന്നേമുക്കാല്‍ ലക്ഷം വീടുകളുടെ താക്കോല്‍ദാനം നടത്തി താമസവും ആരംഭിച്ചു. ബാക്കിയുള്ളവയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കി രണ്ടു സര്‍ക്കാരുകളുടെ കാലത്തായി ആറു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

ഇതിനുപുറമേ മത്സ്യത്തൊഴിലാളികള്‍ക്കായി പുനര്‍ഗേഹം പദ്ധതി, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി വീട് നവീകരണം എന്നിവയും നടക്കുന്നുണ്ട്.
ഭവന സമുച്ചയത്തിന് സമഭാവനയെന്ന് പേരും മന്ത്രി നല്‍കി. 35 സെന്റ് സ്ഥലത്ത് ഒമ്പത് വീടുകളാണ് നിര്‍മിച്ചത്. നാലുലക്ഷം രൂപയാണ് ഓരോ വീടിനും പഞ്ചായത്ത് അനുവദിച്ചത്.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. പുഷ്പലത മധു അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എ. രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. സുരേഷ്, സുജാത മുരളി, ശ്രീജ ശ്രീകുമാര്‍, ജി. ഉണ്ണികൃഷ്ണന്‍, ശോഭ മഹേശന്‍, പഞ്ചായത്ത് സെക്രട്ടറി ജി. മനോജ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.