പഞ്ചായത്തുകളെല്ലാം പ്രാദേശികവികസനസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വരുമാനവര്‍ധന ഉറപ്പാക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ചിറ്റുമല ബ്ലോക്പഞ്ചായത്തിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാകാണമെന്നും ഇതിനായി എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍ സൃഷ്ടിക്കാവുന്ന പദ്ധതികള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണം. പ്രാദേശിക വിനോദസഞ്ചാര വികസനം പ്രധാന വരുമാനമാര്‍ഗമാണ്. പഞ്ചായത്തുകളാണ് അതുപ്രയോജനപ്പെടുത്തേണ്ടത്. സര്‍ക്കാര്‍തലത്തില്‍ തുകവകയിരുത്തി മേഖലയില്‍ വലിയ വികസനമാണ് നടപ്പിലാക്കുന്നത്. കൊല്ലം ബീച്ച് നവീകരണത്തിനും മണ്ട്രോതുരുത്തിന്റെ ടൂറിസം വികസനത്തിനുമായി പ്രത്യേകംതുക നീക്കിവച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷനായി. ചിറ്റുമല ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി ബാള്‍ഡുവിന്‍, ബി ജയന്തി, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.