പാഠപുസ്തകങ്ങളിലെ ചരിത്രഭാഗങ്ങളിൽ മാറ്റം വരുത്തുന്ന കേന്ദ്ര നിലപാടിനെതിരെ കുട്ടികളെ ചരിത്രബോധമുള്ളവരും ശാസ്ത്ര ചിന്തയുള്ളവരുമാക്കി മാറ്റാൻ പാഠഭാഗങ്ങൾ കൂടുതൽ പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ.ഹയർ സെക്കൻ്ററി സ്‌കൂൾ, അങ്ങാടിക്കൽ തെക്ക് ഗവ. ഹയർസെക്കന്ററി സ്കൂൾ എന്നിവയുടെ നിർമാണോദ്ഘാടനവും നാലുചിറ ഗവൺമെന്റ് എച്ച്. എസ് സ്കൂൾ കെട്ടിടം ഉദ്ഘാടനവും ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2016 നു മുൻപേ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല തകർച്ചയുടെ ഘട്ടത്തിലായിരുന്നു. ഭരണത്തിൽ എത്തിയ ആദ്യ നാൾ മുതൽ പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള നിലപാടുകളാണ് സർക്കാർ സ്വീകരിച്ചു വന്നത്. ഇതിനായി വിദ്യാഭ്യാസ മേഖലയിൽ നാലു മിഷനുകളാണ് ആവിഷ്കരിച്ചത്. അതിലൊന്നായിരുന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഈ പദ്ധതി നാടോന്നാകെ ഏറ്റെടുത്തതോടെ രാജ്യത്ത് തന്നെ മികച്ച മാതൃകയായി നമ്മുടെ വിദ്യാഭ്യാസ കേന്ദ്രങ്ങൾ മാറിയെന്നും പശ്ചാത്തല സൗകര്യത്തിൽ മാത്രമല്ല വിദ്യാർത്ഥികളുടെ പഠനമികവും വർദ്ധിപ്പിക്കുവാനുള്ള നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആധുനിക കാലത്തിന് ചേരുന്ന രീതിയിൽ വിദ്യാഭ്യാസം പരിഷ്കരിക്കുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു വരുന്നുണ്ട്. അതിന്റെ ഭാഗമായി അധ്യാപകർക്ക് കാലാനുസൃതമായ പരിശീലനം നൽകും. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് പത്ത് ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലേക്ക് എത്തിയത്. 45,000 ത്തോളം ക്ലാസ് മുറികൾ ഹൈടെക് ആയി മാറി. ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ച് യൂണിസെഫ് നടത്തിയ പഠനത്തിൽ കേരളത്തിന്റെ നേട്ടങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ഇതെല്ലാം കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ നേട്ടമാണ്. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് 973 കെട്ടിടങ്ങൾ നിർമിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഈ പദ്ധതികളെല്ലാം ബജറ്റിൽ ഉൾപ്പെടുത്തി നടത്താനായിരുന്നുവെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരുമായിരുന്നു. കിഫ്‌ബിയിലൂടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിയതു മൂലമാണ് ഇത്തരം പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞത്. സ്കൂളുകളിൽ അടിസ്ഥാന സൗകര്യ വികസനത്തിനോടൊപ്പം വിദ്യാഭ്യാസത്തിൽ നല്ല ഗുണമേന്മയും കൈവരിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഏഴര വർഷം കൊണ്ട് 5000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. അടുത്ത അക്കാദമിക് വർഷത്തിൽ സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ പാഠപുസ്തകങ്ങൾ അടക്കമുള്ളവ കുട്ടികൾക്ക് എത്തിക്കുമെന്നും അതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ ഭാഗമായി വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ബാനർജി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എസ്. വി ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. ജി. നായർ, സ്ഥിരം സമിതി അധ്യക്ഷരായ ഇന്ദിരാ ജനാർദ്ദനൻ, ബീന തങ്കരാജ്, യു. ജി ഉണ്ണി, വാർഡ് അംഗം കവിത ഷാജി, ചേർത്തല ഡി. ഇ. ഒ എ. കെ പ്രദീഷ്, പ്രിൻസിപ്പൽ എച്ച് രതി, ഹെഡ്മാസ്റ്റർ ടി.കെ ജിനു, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
പൊതുവിദ്യാഭ്യാസ വകുപ്പ് നവകേരള കർമ്മ പദ്ധതി മുഖേന വിദ്യാകിരണം മിഷൻ പ്രകാരം അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

നാലുചിറ ഗവൺമെന്റ് എച്ച്. എസ് സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു

നാലുചിറ ഗവൺമെന്റ് എച്ച്. എസ് സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനം എച്ച്. സലാം എം.എൽ. എ നിർഹിച്ചു. ജില്ലാ കളക്ടർ ജോൺ വി.സാമുവൽ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ കെ. ജി രാജേശ്വരി, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ രാഗേഷ്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ. എസ് സുദർശനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി. എസ് മായാദേവി, ജില്ലാ പഞ്ചായത്ത് അംഗം പി. അഞ്ചു, സ്ഥിരം സമിതി അധ്യക്ഷരായ വി. എസ് ജിനുരാജ്, പ്രിയ രാകേഷ്, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ആർ. രാജി, ഗ്രാമ പഞ്ചായത്ത് അംഗം ലീന രജനീഷ്, ഡി. ഇ. ഒ അന്നമ്മ,വിദ്യാകരണം ജില്ലാ കോഡിനേറ്റർ എ.ജി ജയകൃഷ്ണൻ, എച്ച്.എം ജി സുമംഗലി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നബാർഡ് വഴി അനുവദിച്ച രണ്ട് കോടി രൂപ വിനിയോഗിച്ച് മികച്ച സൗകര്യങ്ങളോടെയാണ് സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

അങ്ങാടിക്കൽ തെക്ക് ഗവ. ഹയർസെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം

അങ്ങാടിക്കൽ തെക്ക് ഗവ. ഹയർസെക്കന്ററി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ചെങ്ങന്നൂരിന്റെ ചരിത്രത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഇത്രയും വികസന പദ്ധതികൾ വരുന്നത് ആദ്യമായാണെന്ന് മന്ത്രി പറഞ്ഞു. നഗരസഭ ചെയർപേഴ്‌സൺ ശോഭ വർഗ്ഗീസ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ ശ്രീദേവി ബാലകൃഷ്‌ണൻ, വാർഡ് കൗൺസിലർ സൂസമ്മ ഏബ്രഹാം,
ഹെഡ്മിസ്ട്രസ് സുമം എസ് കുറുപ്പ്, പ്രിൻസിപ്പൽ നിശാന്ത് മോഹൻ, അധ്യാപകർ, ജനപ്രതികൾ തുടങ്ങിയവർ പങ്കെടുത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിൻ്റെ ഭാഗമായി വിദ്യാകിരണം മിഷനിലൂടെ അനുവദിച്ച കിഫ്ബി ഫണ്ട് ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്.