ജില്ലയിൽ അപകട സാഹചര്യമുണ്ടാകുമ്പോൾ ദുരന്ത ലഘൂകരണം സാധ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ സജ്ജമാകണമെന്ന് കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കെമിക്കല്‍ എമര്‍ജന്‍സി മോക്ക് ഡ്രില്ലിനോടനുബന്ധിച്ച് ചേർന്ന ടേബിൾ ടോപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോക്ഡ്രില്ലിനോടനുബന്ധിച്ച് പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയ ഓരോ വകുപ്പുകളുടെയും പ്രവർത്തനങ്ങളും ഉത്തരവാദിത്തങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ശേഷം ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി ഇ അബ്ബാസിന്റെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ നടത്തുന്ന സ്ഥലം സന്ദർശിച്ചു. ഫെബ്രുവരി 28 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് കൊച്ചി റിഫൈനറി പരിസരത്താണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി അന്നേ ദിവസം എമർജൻസി സൈറൺ മുഴക്കുമെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

വ്യവസായ സ്ഥാപനങ്ങളിലെ രാസവസ്തുക്കളില്‍ നിന്നുള്ള അപകട സാധ്യത കണക്കിലെടുത്ത് ദുരന്ത ലഘൂകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.

എണ്ണ, പെട്രോളിയം സ്റ്റോറേജ് ഇന്‍സ്റ്റലേഷനുകള്‍, എല്‍പിജി ബോട്ടിലിംഗ് പ്ലാന്റുകള്‍, റിഫൈനറികള്‍, പെട്രോകെമിക്കല്‍ യൂണിറ്റുകള്‍, എല്‍ എന്‍ ജി ഇന്‍സ്റ്റലേഷനുകള്‍, വളം തുടങ്ങി 20 മേജര്‍ ആക്‌സിഡന്റ് ഹസാഡ് യൂണിറ്റുകളാണ് ജില്ലയിലുള്ളത്. ഈ വ്യവസായ ശാലകളില്‍ നിന്നും വലിയ തോതിൽ അപകടകരമായ രാസവസ്തുക്കള്‍ പുറന്തള്ളപ്പെടുന്നതിന് സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെയും സമൂഹത്തിന്റെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് വ്യവസായശാലകള്‍ കേന്ദ്രീകരിച്ച് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.

തൃപ്പൂണിത്തുറ ഹിൽപാലസ് ഹോട്ടലിൽ സംഘടിപ്പിച്ച ടേബിൾ ടോപ്പ് യോഗത്തിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി ഇ അബ്ബാസ്, ഫാക്റ്ററീസ് ആന്റ് ബോയ്‌ലേഴ്സ് ജോയിന്റ് ഡയറക്ടര്‍ നിതീഷ് കുമാര്‍, ഹസാഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍, വിവിധ വകുപ്പു ഉദ്യോഗസ്ഥർ, വ്യവസായ പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.