ഉളിയന്നൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത നേട്ടമാണ് കേരളം കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉളിയന്നൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ പുതിയ കെട്ടിടം ഉൾപ്പെടെ സംസ്ഥാനത്തെ 68 പുതിയ സ്കൂൾ കെട്ടിടങ്ങളും 33 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കേരളത്തിലെ പൊതുവായ ആവശ്യങ്ങൾ മുൻനിർത്തി നടപ്പിലാക്കിയ നാല് യജ്ഞങ്ങളിൽ ഒന്നായിരുന്നു പൊതു വിദ്യാഭ്യാസയജ്ഞം. രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ എല്ലാവരും ചേർന്ന് നാടാകെ ഒറ്റക്കെട്ടായിയാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിൽ പങ്കാളികളായത്. രാജ്യത്തിന് അഭിമാനിക്കാൻ കഴിയുന്ന വിധം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല തലയുയർത്തി നിൽക്കുകയാണ്. പശ്ചാത്തല വികസനത്തിനൊപ്പം കേരളത്തിലെ അക്കാദമിക് മികവും വർദ്ധിച്ചു. സംസ്ഥാന പൊതുവിദ്യാഭ്യാസ മേഖലയെ തേടി ലോകത്തിന്റെ അഭിനന്ദനങ്ങൾ എത്തുന്നുണ്ട്.

നേട്ടങ്ങൾ ഉയരത്തിലേക്ക് കൊണ്ടുപോകാൻ പൊതുവിദ്യാഭ്യാസ മേഖല ശ്രദ്ധിക്കണം. ആധുനിക കാലത്തിനൊപ്പം ചേർന്ന് വിദ്യാഭ്യാസ രീതി പരിഷ്കരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടുണ്ട്. കുട്ടികളെ വളർത്തുന്നതിൽ പ്രധാന പങ്ക് അധ്യാപകർക്കുണ്ട്. അധ്യാപകർ കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാകണം. കാലം മാറുകയാണ് അതിനനുസരിച്ച് അറിവുകളിലും മാറ്റം ഉണ്ട്. കാലത്തിനനുസരിച്ച് പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാനും പുതിയ അറിവുകൾ നേടാനും കൂടുതൽ പഠിക്കാനും അധ്യാപകർക്ക് കഴിയണം. സാങ്കേതിക വിദ്യയുടെ ഭാഗമായി പല അറിവുകളും കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.

10 ലക്ഷം വിദ്യാർത്ഥികളാണ് കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് പുതിയതായി എത്തിയത്. 45,000 ക്ലാസ് മുറികൾ ഹൈടെക്കുകളാക്കി. റോബോട്ടിക് കിറ്റുകൾ ഉൾപ്പെടെ ലഭ്യമാക്കി വിദ്യാർത്ഥികളെ നൂതന സാങ്കേതിക വിദ്യയിലും നൈപുണ്യമുള്ളവരാക്കുകയാണ്. സംസ്ഥാനത്തെ മികവാർന്ന ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസത്തിൽ യൂനിസെഫ് കേരളത്തിനെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ 973 സ്കൂളുകൾക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് നടപടി സ്വീകരിക്കുന്നുണ്ട്. സ്കൂൾ വിദ്യാഭ്യാസരംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ഗുണമേന്മയും കൈവരിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പ്രൈമറി വിഭാഗത്തിൽ പ്രത്യേക പദ്ധതി നടപ്പിലാക്കി വരുന്നു. ഇത് ഘട്ടം ഘട്ടമായി എച്ച്എസ്എസ് വരെ വ്യാപിപ്പിക്കും.

കുട്ടികളിൽ ചരിത്രബോധവും ശാസ്ത്ര ചിന്തയും വളർത്തിയെടുക്കുന്ന വിധത്തിൽ പാഠഭാഗങ്ങൾ പരിഷ്കരിക്കും. ഡിജിറ്റൽ വിദ്യാഭ്യാസം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാകിരണം പദ്ധതി നടപ്പിലാക്കുന്നതെന്നും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനും കുട്ടികളിൽ സാക്ഷരത വളർത്തുന്നതിനുമുള്ള ഇടപെടൽ പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ പി.എ സിയാദ്, എ.ഇ.ഒ സനൂജ എ ഷംസു, ഉളിയന്നൂർ ഗവൺമെന്റ് എൽ.പി സ്കൂൾ എച്ച്. എം. പി.ജി സെനോബി, , പി.ടി.എ പ്രസിഡന്റ് സി.എ സിറാജ് തുടങ്ങിയവർ പങ്കെടുത്തു.