വിജയകരമായി നടക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റുകൾ സന്ദർശിച്ചാൽ എതിർക്കുന്നവർ പ്ലാന്റുകളെ സ്വാഗതം ചെയ്യുമെന്ന് മന്ത്രി രാജേഷ്
കേരളത്തിൽ പൊതുശുചിത്വ രംഗത്ത് കൂടുതൽ മുന്നേറ്റം സാധ്യമാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കടലൂർ നന്തി ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെയും മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ് ഗ്രാമചന്ത, കുടുംബശ്രീ നാച്ച്വർ ഫ്രഷ് വെജിറ്റബിൾ കിയോസ്ക് എന്നിവയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ വിഷയങ്ങളിൽ മുന്നിലുള്ള കേരളം പൊതുശുചിത്വത്തിന്റെ കാര്യത്തിൽ പിന്നിലാകുന്നു. ഇതിൽ മുന്നേറ്റം സാധ്യമാക്കണം. നാടിന്റെ നന്മയ്ക്കായി കർശന നടപടികൾ സർക്കാർ എടുക്കുന്നുണ്ട്. ശക്തമായ പ്രവർത്തനത്തിലൂടെയും വ്യക്തികളുടെ ശീലങ്ങളിൽ മാറ്റം വരുത്തിയും മാലിന്യ മുക്തമായ നവകേരളം സൃഷ്ടിച്ചുകൊണ്ട് മുന്നേറ്റം സാധ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണ പ്ലാന്റുകൾ നാടിന്റെ ആവശ്യമാണ്. ഖര, ദ്രാവക, കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകൾ നിർമ്മിക്കേണ്ടതുണ്ട്. ഇത്തരം പ്ലാന്റുകളെ എതിർക്കുന്നത് അജ്ഞത കൊണ്ടാണെന്നും സംസ്ഥാനത്ത് വിജയകരമായി നടന്നു വരുന്ന പ്ലാന്റുകൾ സന്ദർശിച്ചാൽ എതിർക്കുന്നവർ മാലിന്യ സംസ്കരണ പ്ലാന്റുകളെ സ്വാഗതം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മഹാത്മാ പുരസ്കാരം നേടിയ മൂടാടി ഗ്രാമപഞ്ചായത്തിലെ ജീവനക്കാർക്കുള്ള ആദരവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പ്രവർത്തി ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു.
നന്തി ടൗണിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആർ സിന്ധു, ജില്ലാ മെഡിക്കൽ ഓഫീസ് ഡി.പി.എം പി കെ ഷാജി എന്നിവർ മുഖ്യാതിഥികളായി.
കുടുംബശ്രീ വനിതാ വികസന കോർപ്പറേഷൻ വായ്പാ വിതരണത്തിന്റെ ഭാഗമായി 1.36 കോടി രൂപയുടെ ചെക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് സിഡിഎസ് ചെയർപേഴ്സൺ ശ്രീലതയ്ക്ക് കൈമാറി. ഗാർഹിക ഘരമാലിന്യ ശേഖരണ ഉപാധികളുടെ വിതരണം പന്തലാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിർവഹിച്ചു. യൂസർ ഫീ ശേഖരണം 100% പൂർത്തീകരിച്ചതിന് എംസിഎഫ് കെയർടേക്കർ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർക്കുള്ള അനുമോദനം നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ പിടി പ്രസാദ് നിർവഹിച്ചു.
മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ നന്തിയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട്ടം എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 4.31 ലക്ഷം രൂപ ചെലവിൽ ഗ്രാമചന്തയും രണ്ട് ലക്ഷം രൂപ ചെലവഴിച്ച് കുടുംബശ്രീ വെജിറ്റബിൾ കിയോസ്ക്കും നിർമ്മിച്ചു. ഇതിലൂടെ കുടുംബശ്രീ അംഗങ്ങൾ ഉത്പാദിപ്പിക്കുന്ന മായം കലരാത്ത ഭക്ഷ്യോത്പന്നങ്ങളും മുട്ടയും മത്സ്യവും വില്പനക്കെത്തും.
നന്തി ടൗണിലെ ഏറെക്കാലത്തെ ആവശ്യമായ വഴിയോര വിശ്രമകേന്ദ്രം എം.എൽ.എ ഫണ്ടിൽ നിന്നുള്ള 15 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിക്കുക.
അസിസ്റ്റന്റ് എഞ്ചിനീയർ എ ശ്രീനാഥ്, കുടുംബശ്രീ മെമ്പർ സെക്രട്ടറി ടി ഗിരീഷ് കുമാർ, മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനീയർ ജോഷിത ജയൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ദുൽഖിഫിൽ, എം പി ശിവാനന്ദൻ, മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്രാ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജീവാനന്ദൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ മോഹനൻ, ടി കെ ഭാസ്കരൻ, എം പി അഖില, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ ഖാദർ, വാർഡ് മെമ്പർമാരായ റഫീഖ് പുത്തലത്ത്, ലതിക പുതുക്കുടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ് നന്ദിയും പറഞ്ഞു.