ആല പൂമലച്ചാൽ ടൂറിസം പദ്ധതിയുടെ നിർമ്മാണം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പിൻ്റെ 3.42 കോടി രൂപ വിനിയോഗിച്ച് പെഡൽ ബോട്ട്, മഴവിൽ പാലം, വാട്ടർ ഫൗണ്ടൻ, ഫ്ളോട്ടിംഗ് ബ്രിഡ്ജ്, നടപ്പാത, റെയിൽ ഷെൽട്ടർ തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കുന്നത്.

പിൽഗ്രിമ് ടൂറിസത്തിന്റെ ഭാഗമായി മഹാദേവ ക്ഷേത്രത്തിൽ പത്തുകോടി രൂപ ചെലവിൽ അയ്യപ്പഭക്തർക്ക് വിരി വെക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്ന കേന്ദ്രത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. നഗരസഭ സ്ഥലം അനുവദിച്ചാൽ ചെങ്ങന്നൂരിലെ ജനങ്ങൾക്കായി തീയറ്ററും പാർക്കും യാഥാർത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.

രണ്ടര വർഷത്തിൽ 1237 സംരംഭങ്ങൾ ചെങ്ങന്നൂരിൽ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ആയിരക്കണക്കിന് ജനങ്ങൾക്കാണ് അതുവഴി ജോലി ലഭിച്ചത്. ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതോടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 70 കോടി രൂപ ചെലവഴിച്ച് കുട്ടനാട് റൈസ് പാർക്കിന്റെ പണിപൂർത്തിയാകുന്നതോടെ 500 പേർക്ക് ജോലി ലഭിക്കും.

ചടങ്ങിൽ ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. മുരളീധരൻപിള്ള അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശാമുവേൽകുട്ടി, കെ.ടി രാധാകൃഷ്ണക്കുറുപ്പ് കെ.ഇ.എൽ മാനേജിംഗ് ഡയറക്ടർ റിട്ട.കേണൽ ഷാജി എം.വർഗീസ്, ടൂറിസം വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ എം. കെ നസീം ബീഗം, കെ.സി.എം.എം.സി ചെയർമാൻ എം. എച്ച് റഷീദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.