കോഴിക്കോട് നിന്നുള്ള എക്സ്റ്റൻ്റഡ് റെയിൽവേ സ്റ്റേഷനാക്കി ഫറോക്കിനെ മാറ്റണമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഓൺലൈനായി ഉദ്ഘാടനം ചെയ്ത റെയിൽവേ പദ്ധതികളിൽ ഉൾപ്പെട്ട ഫറോക്ക് റെയിൽവേ സ്റ്റേഷൻ വികസനത്തിൻ്റെ പ്രാദേശികമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതൽ ദീർഘദൂര തീവണ്ടികൾക്ക് ഫറോക്കിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും റെയിൽവേയുടെ നിരാക്ഷേപപത്രം ലഭിക്കാത്തതിനാൽ ചില റോഡ് വികസനങ്ങൾ ആരംഭിക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്നും ഇത് പരിഹാരിക്കാൻ റെയിവേ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഫറോക്ക് റെയിൽവേ സ്റ്റേഷൻ വികസനത്തിലൂടെ സമീപപ്രദേശങ്ങളിലെ ടൂറിസം വികസനം മെച്ചപ്പെടും. എക്സ്പീരിയൻഷ്യൽ ടൂറിസം മേഖലയുടെ പ്രധാന കേന്ദ്രമായി ഫറോക്ക് വികസിക്കും. ഫറോക്കിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായും മന്ത്രി പറഞ്ഞു.

എം കെ രാഘവൻ എം പി, റെയിൽവേ ഡിവിഷൻ മാനേജർ കെ അനിൽ കുമാർ, മറ്റു റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.