യുവതലമുറയുടെ പ്രതിരോധമായി കോളേജ് മാഗസിനുകള്‍ അറിയപ്പെടണമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള മീഡിയ അക്കാദി കോളേജ് മാഗസിന്‍ പുരസ്‌കാര വിതരണം കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ആകാശത്തിനു താഴെയുള്ള എന്തിനോടും സംവദിക്കാന്‍ കഴിയുന്ന ഒന്നായി മാഗസിനുകള്‍ മാറി. കാലത്തിന്റെ മാറ്റത്തെ തിരിച്ചറിയാനും കാലം ആഗ്രഹിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും നാടിന്റെ ഭാവി മാധ്യമ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്ന് നിശ്ചയിക്കാനുമൊക്കെ കോളേജ് മാഗസിനുകള്‍ക്ക് സാധിക്കുന്നു. ആധുനിക കാലത്ത് സാംസ്‌കാരിക പ്രതിരോധം ഉയര്‍ത്താനും ക്യാമ്പസ് മാഗസിനുകള്‍ക്ക് സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.

ഒരു വ്യക്തിക്ക് ഒരു മാധ്യമപ്രവര്‍ത്തകനും മാധ്യമസ്ഥാപനവുമെല്ലാമാകാന്‍ സാധിക്കുന്ന കാലഘട്ടമാണ് ഇന്ന്. തൊഴിലിന്റെ പേരിൽ മാധ്യമപ്രവര്‍ത്തകർ ആക്രമിക്കപ്പെടുന്ന സാഹചര്യം കേരളത്തിലില്ല. ഇത് കേരളത്തിലെ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടിന്റെ പ്രത്യേകത കൂടിയാണ്, മന്ത്രി പറഞ്ഞു.

2022-23 വര്‍ഷത്തിലെ മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും അടങ്ങുന്ന ഒന്നാം സമ്മാനത്തിന് അര്‍ഹരായത് കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രസിദ്ധീകരിച്ച ‘നടൂപ്പെട്ടോര്’ എന്ന മാസികയാണ്. രണ്ടാം സമ്മാനമായ 15000 രൂപയ്ക്കും ട്രോഫിയ്ക്കും കോഴിക്കോട് ഫാറൂഖ് കോളേജിന്റെ മാഗസിന്‍ ‘കാക്ക’യും മൂന്നാം സമ്മാനമായ 10,000 രൂപയ്ക്കും ട്രോഫിയ്ക്കും മലപ്പുറം പൊന്നാനി എം.ഇ.എസ് കോളേജിന്റെ ‘കുരുക്കുത്തി മുല്ലകള്‍ പൂത്തുലഞ്ഞീടും മേച്ചില്‍പ്പുറങ്ങള്‍ തന്നിലും’ എന്ന മാഗസിനും അര്‍ഹമായി.

കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവും സംഗീതസംവിധായകനുമായ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായി. കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ ജൂറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ പി പി ശശീന്ദ്രന്‍, വി എം ഇബ്രാഹിം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി ശേഖര്‍ എന്നിവര്‍ സംസാരിച്ചു.

സമ്മാനം കിട്ടിയ മാഗസിനുകളുടെ എഡിറ്റര്‍മാരായ കെ ആര്‍ ശ്രീകാര്‍ത്തിക, റിസു മുഹമ്മദ്, അദ്നാന്‍ മുഹമ്മദ് എന്നിവര്‍ മറുപടി പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി പ്രിയ സ്വാഗതവും സ്റ്റാഫ് എഡിറ്റര്‍ ഡോ. ഷീബ ദിവാകരന്‍ നന്ദിയും പറഞ്ഞു.