നെന്മേനി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്തു. പ്രകൃതിയോടിണങ്ങി ആര്‍ത്തവ ശുചിത്വത്തിന്റെ അധ്യായം എന്ന മുദ്രാവാക്യവുമായി മിത്ര-2024 എന്ന പേരില്‍ 10 ലക്ഷം രൂപയുടെ മെന്‍സ്ട്രുവല്‍ കപ്പുകളാണ് വാര്‍ഡുകളില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി വിതരണം ചെയ്തത്. വാര്‍ഡുകളില്‍ ക്യാമ്പുകള്‍ നടത്തി മെന്‍സ്ട്രുവല്‍ കപ്പിന്റെ ഉപയോഗത്തെക്കുറിച്ച് ക്ലാസുകള്‍ നല്‍കി. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ലക്ഷ്യമിട്ടുള്ള പദ്ധതി അടുത്ത വര്‍ഷവും തുടരുമെന്നും 2026 ല്‍ സമ്പൂര്‍ണ മെന്‍സ്ട്രുവല്‍ കപ്പ് പഞ്ചായത്തായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യമെന്നും ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ കപ്പുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ അധ്യക്ഷനായ പരിപാടിയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.ടി ബേബി, സുജാത ഹരിദാസ്, ജയമുരളി, പഞ്ചായത്തംഗം അഫ്സല്‍ കുടുക്കി, മെഡിക്കല്‍ ഓഫീസര്‍ ഡോ.രമ്യ കൃഷ്ണന്‍, മെജോ ജോസഫ്, പി.പി സുമ തുടങ്ങിയവര്‍ സംസാരിച്ചു.