മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് പരിസരവാസികള്‍ക്കുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ സൗകര്യങ്ങളൊരുക്കി ആരോഗ്യവകുപ്പ്. തീപിടിത്തമുണ്ടായ ബുധനാഴ്ച രാത്രി തന്നെ ആരോഗ്യവകുപ്പ് അധികൃതരുടേയും, ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും നിര്‍ദേശപ്രകാരം വേളി, പാങ്ങപ്പാറ ആശുപത്രികളില്‍നിന്നുള്ള മെഡിക്കല്‍ സംഘം സ്ഥലത്തെത്തി സേവനം ആരംഭിച്ചിരുന്നു.
2000 മാസ്‌കാണ് വിഷപ്പുക പ്രതിരോധിക്കാനായി മേഖലയില്‍ എത്തിച്ചത്. കൂടാതെ, വ്യാഴാഴ്ച പകല്‍ അപകടമുണ്ടായ മേഖലയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പും നടത്തി. ജെ.പി.എച്ച്.എന്‍, ജെ.എച്ച്.എന്‍മാരെ ഗൃഹസന്ദര്‍ശനത്തിന് നിയോഗിച്ചും പ്രദേശത്തുള്ളവരുടെ ആരോഗ്യനില ഉറപ്പാക്കി.
പിന്നീട് 5000 മാസ്‌കുകളും ശ്വാസമുട്ടലിനുപയോഗിക്കുന്ന മരുന്നുകളും നെബുലൈസേഷന് ഉള്ള മരുന്നുകളും എത്തിച്ചു. അപകടസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫയര്‍ ആന്റ് റസ്‌ക്യൂ ജീവനക്കാര്‍ക്കും മാസ്‌ക് നല്‍കിയിട്ടുണ്ട്.
റെസ്പിറേറ്ററി മെഡിസിന്‍ ഡോക്ടര്‍മാരുടെ പ്രത്യേക യോഗവും ആരോഗ്യവകുപ്പ് വിളിച്ചുചേര്‍ത്തു. പ്രദേശത്തെ ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് അസ്വസ്ഥയുണ്ടോ എന്ന് മെഡിക്കല്‍ സംഘം പരിശോധിക്കുന്നുണ്ട്. കൂടാതെ, ഇത്തരക്കാര്‍ അസ്വസ്ഥത കണ്ടാല്‍ ഉടന്‍ ചികിത്‌സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത പറഞ്ഞു.
അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററില്‍ 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സംഘത്തിന്റെയും സേവനം രണ്ടുദിവസത്തേക്ക് കൂടി ഉറപ്പാക്കിയിട്ടുണ്ട്. പ്രത്യേകമായി ഡോക്ടര്‍മാരെയും സ്റ്റാഫ് നേഴ്‌സുമാരെയും ഇതിനായി നിയോഗിച്ചു. ഇന്‍ പേഷ്യന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു.