പോളിങ് ബൂത്തില്‍ എല്ലാവരും തുല്യരാണെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയില്‍ നടന്നു വരുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിനാണ് സ്വീപ്പ് ബോധവ്തകരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതെന്നും തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ രണ്ടുപേരടങ്ങുന്ന 15 ടീമുകളാണ് പങ്കെടുത്തത്. ആലുവ യു.സി കോളേജിനെ പ്രതിനിധീകരിച്ച് അന്ന ഡൊമനിക്ക്, വി.കെ അനുഗ്രഹ് എന്നിവര്‍ ഒന്നാം സ്ഥാനവും, തിരുവനന്തപുരം മാര്‍ തിയോഫിലസ് ട്രെയിനിങ് കോളേജിനെ പ്രതിനിധീകരിച്ച് എസ് ശ്രീവിശാഖ്, ഒ.എം അമല എന്നിവര്‍ രണ്ടാം സ്ഥാനവും, തേവര എസ്. എച്ച് കോളേജിനെ പ്രതിനിധീകരിച്ച എം നിഖില്‍ സുന്ദര്‍, എസ് ശിവാനന്ദ് എന്നിവര്‍ മത്സരത്തില്‍ മൂന്നാം സ്ഥാനവും നേടി.
അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജെ. മോബി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.