ജില്ലയിലെ അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള 59,038 കുട്ടികള്‍ക്ക് മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ വാക്സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ താമസമാക്കിയ കുടുംബങ്ങളിലെ 514 കുട്ടികളും വാക്‌സിന്‍ സ്വീകരിക്കും. വാക്സിന്‍ വിതരണം ചെയുന്നതിന് ജില്ലയില്‍ 864 പോളിയോ ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. ബൂത്തുകളിലെത്തി പോളിയോ സ്വീകരിക്കാത്ത കുട്ടികള്‍ക്ക് മാര്‍ച്ച് നാല്, അഞ്ച് തിയതികളില്‍ വീടുകളിലെത്തി പോളിയോ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പള്‍സ് പോളിയോ ദിനത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 23 ബൂത്തുകളും സജ്ജീകരിക്കും. മാള്‍, ബാസാര്‍, ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളിലും പോളിയോ ബൂത്തുകള്‍ ഒരുക്കും. ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്റര്‍സെക്ടറല്‍ യോഗത്തില്‍ ജില്ലയില്‍ ആവശ്യമായ വാക്സിന്‍ എത്തിയതായും മുഴുവന്‍ കുട്ടികള്‍ക്കും പള്‍സ് പോളിയോ വാക്സിന്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ അറിയിച്ചു.