വയനാട് മെഡിക്കല്‍ കോളേജില്‍ ‘മുസ്‌കാന്‍’ അംഗീകാരം ലഭിക്കുന്നതിനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധികളുടെ പരിശോധന പൂര്‍ത്തിയായി. മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിയ സംഘം ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കുട്ടികളുടെ ജനറല്‍ ഒ.പി വിഭാഗം, ന്യൂബോണ്‍ ഐ.സി.യു, പുതിയ പാര്‍ക്ക് എന്നിവ സംഘം പരിശോധിച്ചു.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. എസ്.എന്‍.സി.യു, എന്‍.ബി.എസ്.യു, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒ.പി.ഡി എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം പദ്ധതിയിലൂടെ മെച്ചപ്പെടുത്തും.