ജോലിത്തിരക്കിനിടയിൽ പോലീസുകാർക്ക് വിശ്രമിക്കാൻ നേമം പോലീസ് സ്റ്റേഷനിൽ പുതിയ വിശ്രമകേന്ദ്രം തുറന്നു. വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമ കേന്ദ്രം പണിതത്. മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന നിരവധി പദ്ധതികളാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. നേമത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 750 കോടി രൂപയാണ് വിവിധ പദ്ധതികളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിരത, വിദ്യാഭ്യാസം, പൊതുസൗകര്യം, ക്ഷേമം, പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന നിരവധി പദ്ധതികൾ മണ്ഡലത്തിൽ യാഥാർത്ഥ്യമാവുകയാണ്. വരുംതലമുറയ്ക്കായി ശക്തവും ഊർജ്ജസ്വലവുമായ നേമം കെട്ടിപ്പടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി അറിയിച്ചു.
പൊതുമരാമത്ത് കെട്ടിട വിഭാഗം കുന്നത്തുകാൽ സെക്ഷൻ ആണ് വിശ്രമ കേന്ദ്രത്തിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. 1,600 സ്ക്വയർ ഫീറ്റിൽ ഇരുനിലകളാണ് വിശ്രമ കേന്ദ്രത്തിനുള്ളത്. മൂന്ന് നിലകൾ പണിയുന്നതിനുള്ള ഫൗണ്ടേഷൻ നൽകിയിട്ടുണ്ട്. രണ്ട് ഹാളുകൾ, രണ്ട് ശുചിമുറികൾ, ബാൽക്കണി എന്നിവയാണ് വിശ്രമ കേന്ദ്രത്തിനുള്ളത്.
നേമം പോലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡിസിപി നിധിൻ രാജ്. പി അധ്യക്ഷനായിരുന്നു. നേമം വാർഡ് കൗൺസിലർ ദീപിക യു, മറ്റു ജനപ്രതിനിധികൾ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷൈല യുഎസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.