കരകുളം ഗ്രാമപഞ്ചായത്തിലെ നെടുമൺ വാർഡിലെ മുഖ്യജലസ്രോതസായ മാഞ്ഞാംകോട് ചിറ നവീകരണത്തിൻ്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതുപോലെ തന്നെ സർക്കാർ പ്രാധാന്യം നൽകുന്ന പ്രവർത്തിയാണ് ജല സ്രോതസുകളുടെ പുനരുജ്ജീവനമെന്ന് മന്ത്രി പറഞ്ഞു. ദിവസവും പുതിയ വികസന – ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന കേരളത്തിലെ മികച്ച മണ്ഡലങ്ങളിൽ ഒന്നാണ് നെടുമങ്ങാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ കാർഷിക- ഗാർഹിക ആവശ്യങ്ങൾക്കുള്ള ജല ലഭ്യത കുറവ് ചിറ നവീകരണത്തോടെ പരിഹരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

ഒരുകോടി നാല്പത്തിമൂന്നുലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് മഞ്ഞാംകോട് ചിറയിൽ സാധ്യമാക്കുന്നത്. ചെറുകിട ജലസേചന വകുപ്പിന്റെ നെടുമങ്ങാട് ഓഫീസ് ആണ് നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ചിറയ്ക്ക് കോൺക്രീറ്റ് സംരക്ഷണ ഭിത്തിയും, ചുറ്റും 1.5 മീറ്റർ വീതിയിൽ ഇന്റർലോക്ക് പാകിയ നടപ്പാതയും സജ്ജീകരിക്കും. ചിറയ്ക്ക് പിന്നിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ യാത്ര സൗകര്യത്തിനായി ഒരു കലിംഗും തോടിനു കുറുകെയുള്ള നടപ്പാലവും ഈ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അംഗപരിമിതർക്ക് സുഗമമായി ചിറയിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള റാമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുയിടമായി മാറ്റുന്നതിനുള്ള ലാൻഡ്സ്കേപ്പ്, പൂന്തോട്ടം, തണൽമരങ്ങൾ, നീന്തൽ പരിശീലനം നടത്തുന്നതിനുള്ള സൗകര്യം എന്നിവയും ഒരുക്കും.

മാഞ്ഞാംകോട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖറാണി, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി , നെടുമൺ വാർഡ് മെമ്പർ ഗോപകുമാർ, ചെറുകിട ജലസേചനം വകുപ്പ് സൂപ്രണ്ടിഗ് എൻജിനീയർ സുനിൽരാജ് തുടങ്ങിയവർ പങ്കെടുത്തു.