കേരള സർക്കാർ വിഭാവനം ചെയ്യുന്ന 20 ലക്ഷം പേർക്ക് തൊഴിൽ എന്ന പദ്ധതിയിൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ തൊഴിലന്വേഷകർക്കും പ്രയോജനകരമാം വിധമുള്ള പരിപാടികൾക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ രൂപം നൽകി. അതിന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗത്തിലെ തൊഴിലന്വേഷകരെ വിജ്ഞാന തൊഴിലുകളിലേക്ക് എത്തിക്കുവാനായി സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി ക്യാമ്പസുകളിലേക്കും വ്യാപിപ്പിക്കും. പദ്ധതിയുടെ നടത്തിപ്പിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കും.

തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും ബന്ധിപ്പിക്കുന്ന ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡി.ഡബ്ല്യു.എം.എസ്) എന്ന പോർട്ടൽ വഴിയാണിത്. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് നൈപുണ്യ പരിശീലനം നൽകി വിജ്ഞാനതൊഴിലുകളിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതി. പ്ലസ്ടുവോ അതിന് മുകളിലോ യോഗ്യതയുള്ള 18 വയസ്സ് പൂർത്തിയായവർക്ക് പദ്ധതിയുടെ ഭാഗമാകാം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ആദ്യഘട്ട രജിസ്‌ട്രേഷൻ പൂർത്തിയാക്കും. തുടർന്നുള്ള മാസങ്ങളിൽ മിഷന്റെ വിവിധ സേവനങ്ങളും നൈപുണ്യ പരിശീലനവും നൽകി തൊഴിൽ സജ്ജരാക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്രത്യേക മേളകളിലൂടെ തൊഴിൽ ഉറപ്പാക്കുന്നതാണ് പദ്ധതി.