ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ പുതിയ കെട്ടിടം മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിച്ചു. മത്സ്യതൊഴിലാളികൾക്ക് ഏറെ സൗകര്യപ്രദമായി കെട്ടിടം മാറുമെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാൻ കഴിയുന്ന കേന്ദ്രമായി ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ മാറട്ടെയെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. തീരദേശ മേഖലയിലെ ജനങ്ങളുടെ ജീവിതത്തിനും ജീവിത നിലവാരത്തിലും വലിയ മാറ്റങ്ങളുണ്ടാക്കുന്ന നിരവധി പദ്ധതികളാണ് ബേപ്പൂർ മണ്ഡലത്തിലും നടന്നു വരുന്നതെന്ന് മന്ത്രി പറഞ്ഞു.

ജില്ലയിൽ 10.43 കോടി രൂപയാണ് സർക്കാർ പുനർഗേഹത്തിനായി ചെലവഴിച്ചത്. പുനർഗേഹം പദ്ധതിയിൽ 137 പേർ ഭൂമി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും 105 ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. വെസ്റ്റിഹിൽ ചുങ്കത്ത് 80 കുടുംബങ്ങളെ പാർപ്പിക്കുന്ന ഫ്ലാറ്റിൻ്റെ പ്രവൃത്തി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സാമൂഹികവും വിദ്യാഭ്യാസപരമായും പിറകിൽ നിന്നിരുന്ന മത്സ്യത്തൊഴിലാളി വിഭാഗത്തെ പ്രത്യേകമായി പരിഗണിച്ച് വിപുലമായ കർമ്മ പദ്ധതികളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെട്ടിടത്തിൻ്റെ ശിലാഫലകം മന്ത്രി മുഹമ്മദ് റിയാസ് അനാച്ചാദനം ചെയ്തു. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി ജയദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജിയണൽ എക്സിക്യൂട്ടീവ് പി കെ രജ്ഞിനി, ഉത്തരമേഖല ഫിഷറീസ് ജോയിൻ്റ് ഡയരക്ടർ ബി കെ സുധീർ കിഷൻ, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ ഡോ. പി എസ് ശിവപ്രസാദ്, വാർഡ് കൗൺസിലർമാർ, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് സൗകര്യപ്രദമായും സമയബന്ധിതമായും സേവനം ലഭ്യമാക്കുന്നതിന് വേണ്ടി ബേപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫിഷറീസ് സ്റ്റേഷനിൽ വകുപ്പിൻ്റെ കീഴിൽ വരുന്ന എല്ലാ ഓഫീസുകളുടെയും സേവനം ലഭ്യമാകുന്ന വിധത്തിലാണ് പുതിയ കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്. 2.2 കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം. ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ ഓഫീസ്, മറൈൻ എൻഫോഴ്സ്മെൻ്റ് വിങ്, റീജിയണൽ ഫിഷറീസ് കൺട്രോൾ റൂം, ട്രെയിനിങ്ങ് ഹാൾ എന്നിവ കൂടാതെ മത്സ്യഭവൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, മത്സ്യഫെഡ് പ്രോജക്ട് എന്നിവയുടെ ഓഫീസുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

മൂന്ന് നിലകളിലായി 5568 ചതുരശ്ര അടിയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൻ്റെ താഴത്തെ നിലയിലാണ് മത്സ്യഭവൻ ഓഫീസ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, മത്സ്യഫെഡ് പ്രൊജക്റ്റ് ഓഫീസ് എന്നിവ പ്രവർത്തിക്കുക.

രണ്ടാം നിലയിൽ എൻഫോഴ്‌സ്മെന്റ് അസിസ്റ്റന്റ് ഡയറക്‌ടർ ഓഫീസും റെസ്ക്യൂ ഗാർഡ് ഓഫീസും മൂന്നാം നിലയിൽ മത്സ്യത്തൊഴിലാളികൾക്ക് ട്രെയിനിങ് നൽകുന്നതിനായി ഹാളുമാണ് സജ്ജീകരിച്ചത്. നിലവിൽ ഹാർബർ എഞ്ചിനീയറിംഗ് ബേപ്പൂർ സബ് ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിനകത്ത് സൂക്ഷിച്ച എൻഫോഴ്സ്മെൻറിൻ്റെ ഉപകരണങ്ങളും മറ്റും പുതിയ കെട്ടിടത്തിലേക്ക് മാറ്റും.

ജില്ലയിലെ മത്സ്യസമ്പത്തു സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂർ പ്രവർത്തന സജ്ജമായ കടൽ സുരക്ഷാ സ്ക്വാഡും സി സി ടി വി ഉൾപ്പെടെ റിജിയണൽ കൺട്രോൾ റൂം സംവിധാനവും ഒരുക്കിയിട്ടുണ്ട്.