എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും ; മന്ത്രി ഡോ.ആര്‍.ബിന്ദു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി അപേക്ഷ നല്‍കിയവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. പനത്തടി മാതൃക ശിശു പുനരധിവാസ കേന്ദ്രം (എം.സി.ആര്‍.സി) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി രണ്ടായിരത്തോളം അപേക്ഷകള്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മുഴുവന്‍ പേരെയും വൈദ്യ പരിശോധന നടത്തി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് മുന്നോട്ടു പോവുകയാണ് എന്നും ആരോഗ്യവകുപ്പും സാമൂഹിക നീതി വകുപ്പും ചേര്‍ന്ന് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന്റെ വൈകല്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന ഏര്‍ലി ഡിറ്റെന്‍ഷന്‍ ആന്‍ഡ് ഇന്റര്‍വേഷന്‍ സൗകര്യങ്ങള്‍ ഇന്ന് ലഭ്യമാണ്. സംസ്ഥാനത്തെ ഒന്‍പത് ഇടങ്ങളില്‍ ഈ സേവനം ലഭ്യമാണ്. കാസര്‍കോട് ജില്ലയില്‍ ആരംഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തില്‍  കൂടി ഈ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം താമസിച്ച് കൈതൊഴിലുകള്‍ എടുത്ത് വരുമാനം കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സാമൂഹിക നീതി വകുപ്പ് നല്‍കുന്ന സേവനങ്ങള്‍ സുനീതി പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ഭിന്നശേഷിക്കാരായ ആളുകളും ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളും ഈ സൗകര്യം ഉപയോഗിക്കണം എന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എം എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.പി.രാജ്മോഹൻ ഉണ്ണിത്താൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്പി .എം.കുര്യാക്കോസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആര്യോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം.പത്മകുമാരി, കേരള സാമൂഹ്യ സുരക്ഷാ മിഷൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് സ്വാഗതവും സെക്രട്ടറി വി.പി.അബു സലിം നന്ദിയും പറഞ്ഞു.