ജില്ലയിൽ 2,01,604 കുട്ടികൾക്ക് വാക്‌സിനേഷൻ നൽകും
മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും


ജില്ലയിലെ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നടത്തുന്നു. കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാവിലെ ഒന്‍പതിന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

ജില്ലയില്‍ 2,01,604 കുട്ടികള്‍ക്കാണ് പോളിയോ വാക്‌സിനേഷന്‍ നല്‍കേണ്ടത്. വാക്‌സിനേഷന്‍ നല്‍കുന്നതിനായി ജില്ലയില്‍ 2499 ബൂത്തുകള്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ 58 ട്രാന്‍സിറ്റ് പോയിന്റുകളും(ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍), മൂന്ന് മേള ബസാറുകളും(ഉത്സവങ്ങള്‍ നടക്കുന്ന സ്ഥലം), 18 മൊബൈല്‍ ബൂത്തുകളും ഉള്‍പ്പെടും. പ്രത്യേകം പരിശീലനം നേടിയ 6,648 വളണ്ടിയര്‍മാരാണ് തുള്ളി മരുന്ന് വിതരണം നടത്തുക. ആരോഗ്യ സ്ഥാപനങ്ങള്‍, സബ് സെന്ററുകള്‍, അങ്കണവാടികള്‍, ഗോത്ര ഊരുകള്‍, അതിഥി തൊഴിലാളി ക്യാമ്പുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാളുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ബൂത്തുകള്‍ സജ്ജീകരിക്കും.

മാര്‍ച്ച് മൂന്നിന് പോളിയോ എടുക്കാത്ത കുട്ടികള്‍ക്ക് മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ വീടുകളില്‍ പോയി കൊടുക്കും. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) സച്ചിന്‍ കൃഷ്ണയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ വിദ്യ, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.