പെരുമാട്ടി ഗവ ഐ.ടി.ഐ അവസരങ്ങളിലേക്കുള്ള കവാടവും മികവിലേക്കുള്ള പാലവും സമൂഹത്തിന് പ്രതീക്ഷയുടെ പ്രകാശവുമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ ചിറ്റൂര്‍ താലൂക്കിലെ പെരുമാട്ടി ഗവ. ഐ.ടി.ഐയില്‍ ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രം സ്ഥാപിക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. അശ്രാന്ത പരിശ്രമത്തിന്റെയും പ്രതിബന്ധതയുടെയും സാക്ഷ്യമായ കെട്ടിട സമുച്ചയത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഈ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പെരുമാട്ടി ഗവ ഐ.ടി.ഐയിൽ നിർമ്മിച്ച മെക്കാനിക്കൽ അഗ്രികൾച്ചറൽ മിഷനറി പ്രാക്ടിക്കൽ ഹാളിന്റെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ട്രേഡുകളും ട്രെൻഡുകളും മനസ്സിലാക്കിക്കൊണ്ട് ഐ.ടി.ഐയുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേവലം ഒരു ട്രേഡ് പഠിപ്പിക്കുക എന്നതിലുപരി പുതിയ കാലഘട്ടത്തിനനുസരിച്ച് ആഡ് ഓൺ കോഴ്‌സുകൾ കൂടി ഐ.ടി.ഐകളിൽ പഠിപ്പിക്കണം. ഇതിലൂടെ ഐ.ടി.ഐകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചിറ്റൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ പട്ടികജാതി പട്ടികവർഗ്ഗ കോളനികളും സോളാർ പാനൽ സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. സോളാർ പാനൽ സ്ഥാപിക്കാൻ കഴിഞ്ഞാൽ വൈദ്യുതി ബില്ലിന് പുറമേ മിച്ചം പണം ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതുവരെ 2000 പട്ടികവർഗ വിഭാഗക്കാരുടെ വീടുകളിലാണ് പാനൽ സ്ഥാപിച്ചത്. ഈ വർഷം ഒരു ലക്ഷം വീടുകളിൽ ഹരിത വരുമാന വർദ്ധനവ് എന്ന പദ്ധതി വഴി പാനൽ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബി. രാജേഷ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് രണ്ടു മന്ത്രിമാരെയും ഐ.ടി.ഐ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും പരിപാടിയിൽ ആദരിച്ചു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാർ, കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുകദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ മാധുരി പത്മനാഭൻ, വ്യാവസായിക പരിശീലന വകുപ്പ് ബഹു.ഡയറക്ടർ ഡോ. വീണ എൻ മാധവൻ, പെരുമാട്ടി ഗവ ഐ.ടി.ഐ പ്രിൻസിപ്പാൾ ആർ. സുരേഷ് കുമാർ, പഞ്ചായത്ത് പ്രതിനിധികൾ, അംഗങ്ങൾ, ജനപ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.