തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള സ്‌കൂട്ടര്‍, ലാപ്ടോപ്, പഠനോപകരണങ്ങള്‍ എന്നിവയുടെ വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് നിര്‍വഹിച്ചു. ഹൈ സ്പീഡ് ഇന്റര്‍നെറ്റും ലാപ്ടോപ്പ് പോലുള്ള ഉപകരണങ്ങളും പഠിക്കുന്ന കുട്ടികള്‍ക്ക് അനിവാര്യമാണ്. അത് എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പഠനോപകരണം എന്ന നിലയിലാണ് ലാപ്ടോപ്പ് നല്‍കുന്നത്. ഇന്റര്‍നെറ്റ് കണക്ഷന്‍ കെഫോണ്‍ വഴി വ്യാപിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വിതരണത്തിന്റെ പ്രധാന മാനദണ്ഡമായി സംസ്ഥാനസര്‍ക്കാര്‍ എടുക്കുന്നത് മാലിന്യ സംസ്‌കരണത്തിന്റെ ഓരോ ലക്ഷ്യങ്ങളിലും കൈവരിച്ച പുരോഗതിയാണ്. ആ പുരോഗതി കൈവരിക്കാത്തവര്‍ക്ക് തത്തുല്യമായ തുക പ്ലാന്‍ ഫണ്ടില്‍ നിന്ന് വെട്ടി കുറയ്ക്കും. ആ തുക നന്നായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകള്‍ക്ക് നല്‍കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.പരിപാടിയില്‍ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് മനോമോഹനന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.